Auto
Trending

എം.ജി. കോമറ്റ് ഏപ്രില്‍ 19-നെത്തും

എം.ജി. മോട്ടോഴ്‌സ് ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരുക്കിയിട്ടുള്ള രണ്ടാമത്തെ ഇലക്ട്രിക് വാഹനം കോമറ്റ് ഏപ്രില്‍ 19-ന് അവതരിപ്പിക്കും. എന്നാൽ, ഈ വാഹനത്തിന്റെ വില്‍പ്പന അടുത്ത മാസത്തോടെ മാത്രമായിരിക്കും ആരംഭിക്കുകയെന്നാണ് സൂചനകൾ. വിദേശ നിരത്തുകളില്‍ എത്തിയിട്ടുള്ള വൂലിങ്ങ് എയര്‍ ഇ.വി. എന്ന ഇലക്ട്രിക് വാഹനത്തിന്റെ റീ ബാഡ്ജിങ്ങ് പതിപ്പായിരിക്കും എം.ജി. കോമറ്റ് ഇലക്ട്രിക് എന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍. കഴിഞ്ഞ മാസമാണ് ഈ വാഹനത്തിന്റെ പ്രഖ്യാപിച്ചത്. ഗ്ലോബല്‍ സ്‌മോള്‍ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനം നാല് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന മൂന്ന് ഡോര്‍ മോഡലായിരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. ടോള്‍ ബോയ് ഡിസൈനിലാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2010 എം.എം ആയിരിക്കും കോമറ്റിന്റെ വീല്‍ബേസ്. 2.9 മീറ്ററായിരിക്കും വാഹനത്തിന്റെ നീളം. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന എയര്‍കോണ്‍, ബാറ്ററി തെര്‍മല്‍ മാനേജ്മെന്റ് സിസ്റ്റം എന്നിവ ഇതില്‍ നല്‍കും.

കാഴ്ചയില്‍ കുഞ്ഞന്‍ വാഹനമാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ സമ്പന്നമായിരിക്കും കോമറ്റിന്റെ ഇന്റീരിയര്‍. എം.ജി. ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള മറ്റ് മോഡലുകള്‍ക്ക് സമാനമായി സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായുള്ള ഫീച്ചറുകള്‍ ഇതിലും സ്ഥാനം പിടിക്കും. ഡ്യുവല്‍ സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററുകളും ഈ വാഹനത്തിന്റെ അകത്തളത്തില്‍ പ്രതീക്ഷിക്കാം. കൂടുതല്‍ ഫീച്ചറുകള്‍ അവതരണ വേളയില്‍ വെളിപ്പെടുത്തും. റിപ്പോര്‍ട്ട് അനുസരിച്ച് 39 ബി.എച്ച്.പി. ഇലക്ട്രിക് മോട്ടോറും 20-25 കിലോവാട്ട് അവര്‍ ബാറ്ററി പാക്കുമായിരിക്കും എം.ജി കോമറ്റിന് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 മുതല്‍ 300 വരെ കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷി ഈ വാഹനത്തില്‍ നല്‍കിയേക്കും. ടാറ്റ ഓട്ടോകോമ്പോയില്‍ നിന്നായിരിക്കും ഈ വാഹനത്തിനുള്ള ബാറ്ററി ഒരുങ്ങുക. പത്ത് ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭ്യമാക്കാനാണ് നിര്‍മാതാക്കളുടെ ലക്ഷ്യമെന്നും അഭ്യൂഹങ്ങളുണ്ട്.

Related Articles

Back to top button