Auto
Trending

പക്കാ ഇലക്ട്രിക് ലുക്കില്‍ എം.ജി ZS ഇലക്ട്രിക് വരുന്നു

കൂടുതൽ റേഞ്ച്, ഇലക്ട്രിക് വാഹനങ്ങൾക്ക് ഇണങ്ങുന്ന രൂപം, സുരക്ഷയൊരുക്കുന്നതിനുള്ള നിരവധി ഫീച്ചറുകൾ എന്നിവ നൽകി ഒരു മുഖംമിനുക്കലിന് ഒരുങ്ങുകയാണ് എം.ജി. മോട്ടോഴ്സിന്റെ ഇലക്ട്രിക് മോഡലായ ZS. മുഖംമിനുക്കൽ എന്ന പ്രയോഗം അന്വർഥമാക്കുന്ന രൂപമാണ് ഈ വാഹനത്തിൽ വരുത്തിയിട്ടുള്ളതെന്നാണ് കഴിഞ്ഞ ദിവസം എം.ജി. മോട്ടോഴ്സ് പുറത്തുവിട്ട ചിത്രങ്ങൾ തെളിയിക്കുന്നത്. അവതരണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വൈകാതെ എത്തുമെന്നാണ് സൂചന.എം.ജിയുടെ മിഡ് സൈസ് എസ്.യു.വി. മോഡലായ ആസ്റ്ററിൽ നിന്നുള്ള ഫീച്ചറുകളും ഡിസൈനുകളും കടംകൊണ്ടാണ് പുതിയ ZS ഇലക്ട്രിക് ഒരുങ്ങിയിട്ടുള്ളത്. കാഴ്ചയിൽ ഇലക്ട്രിക് വാഹനത്തിന്റെ രൂപം വരുത്തിയതാണ് പ്രധാന പുതുമ. പൂർണമായും മൂടിക്കെട്ടിയ ഗ്രില്ല്, മുൻ മോഡലിൽ നൽകിയിരുന്നത് പോലെയുള്ള ചാർജിങ്ങ്, വലിയ എയർഡാം, എൽ.ഇ.ഡിയിൽ ഒരുങ്ങിയിട്ടുള്ള ഹെഡ്ലാമ്പ് എന്നിവയാണ് മുഖഭാവത്തിൽ വരുത്തിയിട്ടുള്ള പുതുമ.വശങ്ങളിൽ കാര്യമായ മാറ്റം വരുത്താതെയാണ് ഇത്തവണ എത്തുന്നത്. ഫെൻഡറിലെ ഇലക്ട്രിക് ബാഡ്ജിങ്ങ് അതുപോലെ നിലനിർത്തിയതിനൊപ്പം 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലും ഇതിൽ നൽകിയിട്ടുണ്ട്. ബോഡി കളറിൽ നിന്ന് വ്യത്യസ്തമായ നിറം നൽകിയിട്ടുള്ള ഡോർ ഹാൻഡിലും വശങ്ങളിൽ കാണാം. പിൻഭാഗത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും എൽ.ഇ.ഡിയിൽ തീർത്തിരിക്കുന്ന ടെയ്ൽലാമ്പും പുതിയ ഡിസൈനിലെ ബമ്പറുമാണ് നൽകുന്നതെന്നാണ് വിലയിരുത്തലുകൾ.സുരക്ഷയ്ക്ക് കൂടുതൽ പ്രധാന്യം നൽകുന്നതും ഇത്തവണത്തെ മുഖം മിനുക്കലിലെ ഹൈലൈറ്റാണ്. എം.ജിയുടെ ആസ്റ്റർ എസ്.യു.വിയിൽ നൽകിയിട്ടുള്ള അഡാസ് (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ഈ ഇലക്ട്രിക് എസ്.യു.വിയിലേക്കും നൽകുമെന്നാണ് സൂചനകൾ. മുന്നിലെ ഗ്രില്ലിൽ ക്യമാറ നൽകിയിട്ടുള്ളതിനാൽ തന്നെ 360 ഡിഗ്രി വ്യൂ ലഭ്യമാക്കിയേക്കും. എയർബാഗ്, എ.ബി.എസ്, ഇ.ബി.ഡി. തുടങ്ങിയ സുരക്ഷ സംവിധാനങ്ങൾ അടിസ്ഥാന ഫീച്ചറായി ZS-ൽ സ്ഥാനം പിടിക്കും.ആസ്റ്ററിൽ നിന്നെടുക്കുന്ന ഏതാനും ഫീച്ചറുകൾ നൽകിയായിരിക്കും അകത്തളം പുതുക്കി പണിയുകയെന്നാണ് വിവരം. നിലവിലെ എട്ട് ഇഞ്ച് ഇൻഫോടെയ്ൻമെന്റിന് പകരമായി 10.1 ഇഞ്ച് വലിപ്പമുള്ള സ്ക്രീൻ നൽകും. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററും ഇത്തവണ നൽകുന്നുണ്ട്. സ്റ്റിയറിങ്ങ് വീൽ, ക്ലൈമറ്റ് കൺട്രോൾ, സീറ്റുകൾ തുടങ്ങിയവ ZS ഇലക്ട്രിക്കിന്റെ നിലവിലെ മോഡലിൽ നൽകിയിട്ടുള്ളതായിരിക്കും ഇതിലേക്കും നൽകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.മുൻ മോഡലിനെക്കാൾ ഉയർന്ന റേഞ്ചുമായായിരിക്കും പുതിയ പതിപ്പ് എത്തുകയെന്നാണ് അഭ്യൂഹങ്ങൾ. ഒറ്റത്തവണ ചാർജിങ്ങിലൂടെ 480 കിലോമീറ്റർ യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ 44.5 kWh ബാറ്ററി പാക്കിന് പകരം 51 kWh ബാറ്ററി പാക്കായിരിക്കും ഇതിൽ നൽകുക. 141 ബി.എച്ച്.പി. പവറും 353 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ZS ഇലക്ട്രിക്കിന്റെ ഹൃദയം.

Related Articles

Back to top button