
നിരത്തുകളിലെത്തി രണ്ടുവര്‍ഷം പിന്നിട്ടിട്ടും ഡിമാന്റ് അണുവിട കുറവ് സംഭവിച്ചിട്ടില്ലാത്ത വാഹനമാണ് മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ഥാര്‍. ഏറ്റവും പുതിയ വിവരം അനുസരിച്ച് ജനവരി ഒമ്പതാം തീയതി മഹീന്ദ്രയുടെ ടൂ വീല്‍ ഡ്രൈവ് ഥാര്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. നിലവില്‍ ത്രീ ഡോര്‍ മോഡലായി എത്തുന്ന ഈ വാഹനത്തിന്റെ ഫൈവ് ഡോര്‍ പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് ടൂ വീല്‍ ഡ്രൈവ് മോഡലും എത്തുന്നതെന്നത് ശ്രദ്ധേയമാണ്. പെട്രോള്‍, ഡീസല്‍ എന്നീ വേരിയന്റുകളില്‍ ഈ പതിപ്പ് എത്തുന്നുണ്ട്. രൂപത്തിലും ഭാവത്തിലും മഹീന്ദ്രയുടെ 4×4 ഥാറിന് സമാനമാണ് ടൂ വീല്‍ ഡ്രൈവ് മോഡലും. ഇന്റീരിയറിലെ ഫീച്ചറുകളിലും കുറവ് വരുത്താതെയാണ് ഈ ഥാറും എത്തുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ബ്ലൂസെന്‍സ് ആപ്പ് കണക്ടിവിറ്റി സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലേസിങ്ങ് ബ്രോണ്‍സ്, എവറസ്റ്റ് വൈറ്റ് എന്നീ കളര്‍ ഓപ്ഷനുകളില്‍ ഒരുങ്ങുന്ന അകത്തളം, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സീറ്റുകള്‍ തുടങ്ങിയവയെല്ലാം ഫോര്‍ വീല്‍ ഡ്രൈവ് മോഡലില്‍ നല്‍കിയിട്ടുള്ളതിന് സമാനമായതാണ്. സുരക്ഷ കാര്യക്ഷമമാക്കുന്നതിനായി ഇലക്ട്രോണിക് ബ്രേക്ക് ലോക്കിങ്ങ് ഡിഫറന്‍ഷ്യല്‍, ഇ.എസ്.പി. വിത്ത് റോള്‍ ഓവര്‍ മിറ്റിഗേഷന്‍, ഹില്‍ ഹോള്‍ഡ് ആന്‍ഡ് ഹിന്‍ ഡിസെന്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ്ങ് സിസ്റ്റം, ടയര്‍ ഡയറക്ഷന്‍ മോണിറ്ററിങ്ങ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങള്‍ ഈ വാഹനത്തിലും സ്ഥാനം പിടിക്കുന്നുണ്ട്.ഡീസല്‍ എന്‍ജിന്‍ മോഡലിലാണ് മെക്കാനിക്കലായി മാറ്റം വരുത്തിയിട്ടുള്ളത്. ഫോര്‍വീല്‍ ഡ്രൈവ് മോഡലില്‍ 2.2 ലിറ്റര്‍ എം.ഹോക്ക് എന്‍ജിനായിരുന്നു നല്‍കിയിരുന്നതെങ്കില്‍ ടൂ വീല്‍ ഡ്രൈവ് പതിപ്പില്‍ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് നല്‍കുന്നത്. ഇത് 117 ബി.എച്ച്.പി. പവറും 300 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.