
അടുത്ത സാമ്പത്തിക വര്‍ഷവും രൂപ മോശം പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തല്‍. ആക്സിസ് ബാങ്കിന്റെ മാര്‍ക്കറ്റ്സ് ആന്‍ഡ് ഹോള്‍സെയില്‍ വിഭാഗം(ട്രഷറി ഉള്‍പ്പടെ) ഗ്രൂപ്പ് എക്സിക്യൂട്ടീവ് നീരജ് ഗംഭീറിന്റേതാണ് വിലയിരുത്തൽ. 2022ല്‍ ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനമായിരുന്നു രൂപയുടെതെന്നും മൂല്യമിടിവ് തുടരുമെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അത്രതന്നെ ആഘാതം ഉണ്ടാവില്ല. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു മുതല്‍ മൂന്നു ശതമാനംവരെ ഇടിവുണ്ടായേക്കാമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ബ്ലൂംബര്‍ഗ് ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. കഴിഞ്ഞ വര്‍ഷം രൂപയുടെ മൂല്യത്തില്‍ 10ശതമാനത്തിലധികമാണ് ഇടിവുണ്ടായത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ അടിക്കടിയുള്ള നിരക്ക് വര്‍ധനവും കര്‍ശന ധനനയവും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തില്‍ കുത്തനെ ഇടിവുണ്ടാക്കി. രാജ്യത്തെ വിദേശനയത്തിലെ മികവില്ലായ്മയുംകൂടി ചേര്‍ന്നപ്പോള്‍ രൂപയെ സമ്മര്‍ദത്തിലാക്കിയതായി ഗംഭീര്‍ പറയുന്നു. വിദേശ നിക്ഷേപവരവ് രാജ്യത്തെ കരുതല്‍ ധന ശേഖരം കൂട്ടാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഡോളറിനെതിരെ 82.57 നിലവാരത്തിലാണ് രൂപയുടെ മൂല്യം.