Tech
Trending

ഉത്തരവാദിത്തമുള്ള ഉള്ളടക്കം മതിയെന്ന് യൂട്യൂബ്

യൂട്യൂബിൽ അടിയും തെറിവിളിയും നിറഞ്ഞൊഴുകുമ്പോൾ, ഉത്തരവാദിത്തബോധമുള്ള, മറ്റുള്ളവരെ ബഹുമാനിക്കുന്ന ഉള്ളടക്കമുണ്ടാക്കാ‍ൻ യൂട്യൂബ് തന്നെ ബോധവൽക്കരണം തുടങ്ങി. ‘ക്രിയേറ്റ് വിത് കെയർ’ ക്യാംപെയ്നിൽ മലയാളമുൾപ്പെടെ 8 ഭാഷകളിൽനിന്നുള്ള 30 ക്രിയേറ്റർമാർ പങ്കെടുക്കുന്നു. വൈവിധ്യങ്ങൾ, വ്യത്യസ്ത ഐഡന്റിറ്റികൾ, സംസ്കാരങ്ങൾ എന്നിവയെ ബഹുമാനിക്കുന്ന ഉള്ളടക്കം വികസിപ്പിക്കുക, നല്ല വാക്കുകൾ ഉപയോഗിക്കുക, അർഥമറിഞ്ഞു വാക്കുകൾ ഉപയോഗിക്കുക തുടങ്ങിയ ‘അടിയന്തര’ ആവശ്യങ്ങളാണ് യൂട്യൂബ് മുന്നോട്ടുവയ്ക്കുന്നുണ്ട്. ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും കണ്ടന്റ് സൃഷ്ടിക്കുകയും പ്രേക്ഷകർക്ക് ബഹുമാനം തോന്നുംവിധം അവതരിപ്പിക്കുകയും വേണമെന്ന് ഇന്ത്യ ഇൻക്ലൂഷൻ ഫൗണ്ടേഷൻ സ്ഥാപകൻ വി.ആർ.ഫിറോസ് പറഞ്ഞു. അംഗീകൃതവും ഔദ്യോഗികവുമായ പദങ്ങൾ ഉപയോഗിക്കുകയും ശൈലികളിലോ പദപ്രയോഗങ്ങളിലോ ഉള്ള സൂക്ഷ്മമായ വ്യത്യാസങ്ങൾ തിരിച്ചറിയുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വൈകല്യമുള്ളവരെക്കുറിച്ച് സംസാരിക്കുമ്പോൾ സഹാനുഭൂതി പുലർത്തുന്നതും അനിവാര്യമാണെന്ന് ക്യാംപെയിൻ വ്യക്തമാക്കുന്നു. യൂട്യൂബ് വൈവിധ്യമാർന്നതും ഊർജസ്വലവുമായ ആവാസവ്യവസ്ഥയാണ്. കൂടുതൽ ക്രിയേറ്റർമാർ വരുന്നതിനാൽ കണ്ടന്റ് സൃഷ്ടിക്കുമ്പോൾ നിലവിലുള്ളതും പുതിയതുമായ ക്രിയേറ്റർമാർക്ക് അവരുടെ ഉത്തരവാദിത്തം മനസ്സിലാക്കാൻ സഹായിക്കുന്നതിനാണ് ക്രിയേറ്റ് വിത്ത് കെയർ കാംപയിൻ’–യൂട്യൂബ് പാർട്നർഷിപ്പ് ഡയറക്ടർ സത്യ രാഘവൻ വിശദീകരിക്കുന്നു. സ്ത്രീകൾക്ക് വളർച്ച നേടാൻ കഴിയുന്ന ഒരു സുരക്ഷിത ഓൺലൈൻ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിൽ പ്ലാറ്റ്ഫോമുകളും റെഗുലേറ്റർമാരും ക്രിയേറ്റർമാരും കൈകോർക്കുന്നത് നിർണായകമാണെന്ന് ദേശീയ വനിതാ കമ്മിഷൻ ചെയർപഴ്സൻ രേഖാ ശർമ പറഞ്ഞു.

Related Articles

Back to top button