Big B
Trending

41-ാമത് ജൈറ്റക്സ് ഗ്ലോബലിന് തുടക്കം

ലോകത്തിലെ ഏറ്റവുംവലിയ വിവരസാങ്കേതികപ്രദർശനമായ ജൈറ്റക്സ് ഗ്ലോബലിന്റെ 41-ാമത് പതിപ്പിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഞായറാഴ്ച തുടക്കമായി.ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ഉദ്ഘാടനം ചെയ്തു. ആഗോളസാങ്കേതികസമൂഹത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത യു.എ.ഇ. തുടരുമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ദുബായ് മീഡിയാ കൗൺസിൽ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം അദ്ദേഹം ജൈറ്റക്സ് വേദികളിൽ പര്യടനം നടത്തി. ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് വേൾഡ് ട്രേഡ് സെന്റർ അതോറിറ്റി, ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് പ്രതിനിധികളും അദ്ദേഹത്തെ അനുഗമിച്ചു.ജൈറ്റക്സ് പ്രദർശനത്തിൽ ലോകത്തെ ഏറ്റവും വലിയ ഐ.ടി കമ്പനികളടക്കം 60 രാജ്യങ്ങളിൽ നിന്നുള്ള 700-ലേറെ കമ്പനികൾ ഏറ്റവും പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കും. 50-ലേറെ ഇന്ത്യൻകമ്പനികളാണ് അവരുടെ ഉത്പന്നങ്ങളും സേവനങ്ങളുമായി ജൈറ്റക്സിലുള്ളത്. നിർമിതബുദ്ധി, 5ജി, ക്ലൗഡ്, ബ്ലോക്ക് ചെയിൻ, സൈബർസുരക്ഷ, ബിഗ് ഡാറ്റ, ക്വാണ്ടം കംപ്യൂട്ടിങ്, ഇമ്മേഴ്സീവ് ടെക്നോളജീസ്, ഫിനാൻസ്, മറ്റ് പുതിയ സാങ്കേതികവിദ്യകൾ എന്നിവയ്ക്കും പ്രാധാന്യം നൽകിയുള്ളതാണ് ജൈറ്റക്സ്.ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ്, ദുബായ് എയർപോർട്ട്, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ഫോറിനേഴ്സ് അഫയേഴ്സ് തുടങ്ങി പൊതുമേഖലാസ്ഥാപനങ്ങളും ഈ മാസം 21 വരെ നടക്കുന്ന മേളയിൽ പങ്കെടുക്കും. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി.

Related Articles

Back to top button