
സൂപ്പര്‍ ബൈക്ക് ബ്രാന്‍ഡായ കെ.ടി.എം. ഇന്ത്യയില്‍ ഉത്പാദനം പത്തുലക്ഷം പിന്നിട്ടു. പത്തുലക്ഷം യൂണിറ്റ് തികയുന്ന കെ.ടി.എം. അഡ്വഞ്ചര്‍ 390 ബൈക്ക്, കെ.ടി.എം മാതൃകമ്പനിയായ പിയറര്‍ മൊബിലിറ്റി എ.ജി. സി.ഇ.ഒ. സ്റ്റെഫാന്‍ പിയററും ബജാജ് ഓട്ടോ എം.ഡി.യും സി.ഇ.ഒ.യുമായ രാജീവ് ബജാജും ചേര്‍ന്ന് പുറത്തിറക്കി. ബജാജ് ഓട്ടോയുടെ പുണെ ചകനിലെ നിര്‍മാണശാലയിലായിരുന്നു ചടങ്ങ്. കെ.ടി.എം. ഡിസൈനര്‍ ജെറാള്‍ഡ് കിസ്‌ക പങ്കെടുത്തു. 2012 ലാണ് ആദ്യ വാഹനം പുറത്തിറക്കിയത്. 2019ല്‍ ഉത്പാദനം അഞ്ചുലക്ഷം തികച്ചു. പിന്നീടുള്ള മൂന്നുവര്‍ഷംകൊണ്ട് അടുത്ത അഞ്ചുലക്ഷവും കടന്ന് സുപ്രധാനനേട്ടം കുറിക്കാന്‍ കമ്പനിക്കുകഴിഞ്ഞതായി രാജീവ് ബജാജ്, സ്റ്റെഫാന്‍ പിയറര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കെ.ടി.എം. മോട്ടോര്‍സൈക്കിളില്‍ പകുതിയോളം കയറ്റുമതിയാണ്. കെ.ടി.എമ്മുമായുള്ള പങ്കാളിത്തം വൈകാതെ വൈദ്യുതവാഹനങ്ങളിലേക്കും പുതുതലമുറ സാങ്കേതികവിദ്യകളിലേക്കും കടക്കുമെന്ന് രാജീവ് ബജാജ് പറഞ്ഞു. മലിനീകരണമില്ലാത്ത എക്‌സ്‌ഹോസ്റ്റ് സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് സ്റ്റെഫാന്‍ പിയറര്‍ അറിയിച്ചു.