Tech
Trending

ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്ന പേരിൽ തിരികെയെത്താനൊരുങ്ങി പബ്ജി

ലോകമെമ്പാടുമുള്ള മൊബൈൽ ഫോൺ ഗെയിം ആരാധകരുടെ ഇഷ്ട ഗെയിം ആണ് പബ്ജി എന്ന പേരിൽ അറിയപ്പെടുന്ന പ്ലയെർ അൺനോൺസ് ബാറ്റിൽഗ്രൗണ്ട്സ്. ഇന്ത്യയിലും ഈ ബാറ്റിൽ റോയൽ ഗെയിമിന് ആരാധകർ ഏറെയാണ്. പക്ഷെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിരോധിച്ചു. ഇൻഫൊർമേഷൻ ആന്റ് ടെക്നോളജി മന്ത്രാലയമാണ് ഐടി ആക്ട് 2009-ലെ സെക്ഷൻ 69A പ്രകാരം നിരോധനം ഏർപ്പെടുത്തിയത്.


അതിനിടെ കഴിഞ്ഞ വർഷം നവംബറിൽ ‘പബ്‌ജി മൊബൈൽ ഇന്ത്യ’ ഗെയിം പ്രഖ്യാപിച്ച് പബ്‌ജി കോർപറേഷൻ തിരിച്ചുവരവ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല. ഫ്രാഞ്ചൈസിയായ ചൈനയിലെ ഷെൻ‌ഷെൻ ആസ്ഥാനമായുള്ള ടെൻസെന്റ് ഗെയിംസുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ച് ഇന്ത്യൻ വിപണിക്കായി പ്രത്യേകം ഗെയിം പ്രഖ്യാപിച്ചു എങ്കിലും കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടാതെ വന്നതോടെയാണ് പ്രഖ്യാപനത്തിൽ ഒതുങ്ങിയത്. എന്നാൽ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’ എന്ന പേരിൽ പബ്ജി തിരികെയെത്താൻ ഒരുങ്ങുന്നു എന്നാണ് വിവരം.പബ്ജിയുടെ ഇന്ത്യയിലെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകൾ പുതിയ പേരിലേക്ക് അടുത്തിടെ മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുത്തൻ ഗെയ്മിനെപ്പറ്റിയുള്ള സൂചനകൾ നൽകുന്ന ടീസർ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു എങ്കിലും അധികം താമസമില്ലാതെ പ്രൈവറ്റ് ആക്കി. അതെ സമയം ഈ വീഡിയോയുടെ സ്ക്രീൻ ഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ പടരുന്നുണ്ട്.ഒപ്പം ഡാറ്റ സുരക്ഷിതത്വത്തിന്റ കാര്യത്തിൽ ഇന്ത്യൻ നിയമങ്ങൾ പൂർണമായും ഉൾക്കൊണ്ടാണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയായി പബ്ജി തിരികെയെത്താൻ ശ്രമിക്കുന്നത്. പ്രാദേശിക ആവശ്യങ്ങളും, വികാരങ്ങളും മാനിച്ച് മാറ്റങ്ങൾ വരുത്തിയാണ് പബ്‌ജി മൊബൈൽ ഇന്ത്യ ഗെയിം അവതരിപ്പിക്കുക.കഥാപാത്രങ്ങളുടെ വസ്ത്രധാരണത്തിലും പശ്ചാത്തലത്തിലും ഈ മാറ്റങ്ങളുണ്ടാകും. ഒപ്പം കുട്ടികളിൽ ഗെയിമിന്റെ ഉപഭോഗം കൂടാതിരിക്കാൻ ഒരു പുതിയ ഫീച്ചറും പബ്‌ജി കോർപറേഷൻ ഒരുക്കുന്നുണ്ട്.ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയായി പബ്ജിയ്ക്ക് തിരികെയെത്താൻ കേന്ദ്ര സർക്കാരിന്റെ അനുവാദം ലഭിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അനുവാദം ലഭിക്കുമോ എന്ന് വ്യക്തമല്ല.

Related Articles

Back to top button