Auto
Trending

കാരന്‍സ് എം.പി.വിയുടെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

ഇന്ത്യയിലെ കിയ ആരാധകരും എം.പി.വി. വാഹനങ്ങളെ ഇഷ്ടപ്പെടുന്നവരും ഒരുപോലെ കാത്തിരിക്കുന്ന വാഹനമാണ് ഡിസംബർ 16-ന് കിയയിൽ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന കാരൻസ് എന്ന എം.പി.വി. വാഹനത്തിന്റെ വരവറിയിച്ചുള്ള ടീസറുകൾക്ക് പിന്നാലെ ഡിസൈൻ ശൈലി വെളിപ്പെടുത്തിയുള്ള സ്കെച്ചും ഇപ്പോൾ നിർമാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്. എക്സ്റ്റീരിയർ ഡിസൈനും ഇന്റീരിയർ ഫീച്ചറും വെളിപ്പെടുത്തിയുള്ളതാണ് കിയ പുറത്തുവിട്ട സ്കെച്ചുകൾ.ബോൾഡ് ഡിസൈനിലുള്ള എക്സ്റ്റീരിയർ, ആഡംബര സംവിധാനങ്ങൾക്കൊപ്പം സ്മാർട്ട് കണക്ടിവിറ്റി ഫീച്ചറുകളും നൽകിയിട്ടുള്ള അകത്തളം എന്നിവയാണ് സ്കെച്ചിൽ പ്രധാനമായും ഹൈലൈറ്റ് ചെയ്തിട്ടുള്ളത്. മൂന്നാം നിര സീറ്റുകൾക്ക് പരമാവധി സ്പേസ് ഉറപ്പാക്കിയായിരിക്കും കാരൻസ് എത്തുകയെന്നാണ് വിവരം.കിയ മോട്ടോഴ്സിന്റെ ഡിസൈൻ ഫിലോസഫിയായ ഓപ്പോസിറ്റ്സ് യുണൈറ്റഡ് അടിസ്ഥാനമാക്കി ബോൾഡ് ഫോർ നേച്ചർ തീമിലാണ് കാരൻസ് എം.പി.വി. ഒരുങ്ങുന്നത്. കിയയുടെ മറ്റ് വാഹനങ്ങൾക്ക് സമാനമായി ബോൾഡ് ആയിട്ടുള്ള ഡിസൈനായിരിക്കും കാരൻസിലും നൽകുക. കിയയുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ല്, എൽ.ഇ.ഡി. ഹെഡ്ലാമ്പും ഡേ ടൈം റണ്ണിങ്ങ് ലൈറ്റുകളും ഉൾപ്പെടെ ഹൈടെക് സ്റ്റൈലിങ്ങ് ഡീറ്റെയിൽസാണ് എക്സ്റ്റീരിയറിൽ ഒരുക്കിയിട്ടുള്ളത്. എസ്.യു.വിയുടെ ഭാവങ്ങൾ പ്രകടിപ്പിക്കുന്ന തരത്തിലാണ് ഈ വാഹനത്തിന്റെ വശം ഒരുക്കിയിട്ടുള്ളത്. പിൻഭാഗം മറ്റ് കിയ വാഹനങ്ങൾക്ക് സമാനമായാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.ആഡംബരമായ അകത്തളമാണെന്നാണ് സ്കെച്ച് നൽകുന്ന സൂചന. 10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തളത്തിലെ ആകർഷണം. വീഡിയോ ടെലിമാറ്റിക് നാവിഗേഷൻ സ്കെച്ചിൽ സൂചിപ്പിച്ചിട്ടുണ്ട്. ഡോർ പാഡുകളിൽ ക്രോം ഗാർണിഷുകൾ നൽകിയിട്ടുള്ളത് അകത്തളത്തെ പ്രീമിയം ആക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഗിയർ ലിവർ, സ്റ്റിയറിങ്ങ് വീൽ തുടങ്ങിയ ഫീച്ചറുകൾ സെൽറ്റോസിനും സോണറ്റിനും സമാനമായതാണ് കാരൻസിലും നൽകിയിട്ടുള്ളത്.കിയ മോട്ടോഴ്സ് ഏറ്റവുമാദ്യം ഇന്ത്യൻ നിരത്തുകളിൽ എത്തിച്ച സെൽറ്റോസ് എന്ന മിഡ്-സൈസ് എസ്.യു.വിയെ അടിസ്ഥാനമാക്കിയാണ് കാരൻസും ഒരുങ്ങിയിട്ടുള്ളത്. പ്രൊഡക്ഷൻ പതിപ്പിലേക്ക് എത്തുമ്പോൾ ലുക്കിൽ ഉൾപ്പെടെ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഇന്ത്യൻ നിരത്തുകളിൽ ഹ്യുണ്ടായിയുടെ അൽകസാർ, മഹീന്ദ്ര എക്സ്.യു.വി.700, ടാറ്റ സഫാരി തുടങ്ങിയ എസ്.യു.വികളും ഇന്ത്യൻ എം.പി.വി. ശ്രേണിയുടെ മേധാവികളിൽ ഒന്നായ എർട്ടിഗയോടും ഈ വാഹനം മത്സരിക്കും.മൂന്ന് നിരകളിലായി ആറ് സീറ്റ്, ഏഴ് സീറ്റ് ഓപ്ഷനുകളിലായിരിക്കും കിയയുടെ എം.പി.വി. ഒരുങ്ങുന്നത്. കിയയുടെ മറ്റ് മോഡലുകൾക്ക് സമാനമായി മികച്ച സ്റ്റൈലും മികച്ച ഫീച്ചറുകളും ഈ വാഹനത്തിലും നൽകും. മെക്കാനിക്കൽ സംബന്ധമായി കൃത്യമായ വിവരം നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 1.5 ലിറ്റർ പെട്രോൾ-ഡീസൽ എൻജിനുകൾക്കൊപ്പം ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷുകളിലും ഈ എം.പി.വിയെ പ്രതീക്ഷിക്കാം.

Related Articles

Back to top button