
ജീപ്പിന്റെ വിഖ്യാത മോഡലായ സിജെ 7 എസ്യുവിയുടെ തിരിച്ചു വരവിന് കളമൊരുങ്ങുന്നു.ഉടൻ നടക്കുന്ന നോർത്ത് അമേരിക്ക സ്പെഷൽ എക്യൂപ്മെന്റ് മാർക്കറ്റ് അസോസിയേഷൻ (എസ്ഇഎംഎ) ഷോയിൽ പുതിയ വാഹനത്തെ ജീപ്പ് പ്രദർശിപ്പിക്കും. സിജെ 7 അടിസ്ഥാനപ്പെടുത്തി മോപാറാണ് വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്.ഇന്ത്യയിൽ അടക്കം നിരവധി മോഡലുകളുടെ അടിസ്ഥാനമായിട്ടുള്ള സിജെ 7ന്റെ ഇലക്ട്രിക് കൺസെപ്റ്റ് സിജെ 7 സെർജിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് കമ്പനിയിപ്പോൾ.ഓഫ് റോഡിന് ഇണങ്ങുന്ന ടയറുകളും ഉയർ സസ്പെൻഷനും വലിയ വിഞ്ചും വാഹനത്തിലുണ്ട്.കൂടാതെ എൽഇഡി ഹെഡ്ലാംപുകളും മനോഹരമായ ഗ്രാഫിക്സുമെല്ലാം പുതിയ വാഹനത്തിന് നൽകിയിട്ടുണ്ട്. ജീപ്പ് അവഞ്ചർ 4×4, ജീപ്പ് റാംഗ്ലർ മാഗ്നെറ്റോ തുടങ്ങിയ കൺസെപ്റ്റുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് മോട്ടറും ബാറ്ററിയും തന്നെയാണ് സിജെ സെർജിലും.പെട്രോൾ എൻജിന് പകരം 266 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറും 50 kWh ബാറ്ററിയുമായിരിക്കും വാഹനത്തിലുണ്ടാവുക.കൺസെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷൻ പതിപ്പ് എന്ന് പുറത്തിറക്കുമെന്ന് ജീപ്പ് പ്രഖ്യാപിച്ചിട്ടില്ല.