
വിദേശ ഓഹരികളിലും വസ്തുവകകളിലുമുള്ള ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ റെക്കോഡ് വര്‍ധന. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കു പ്രകാരം 2.1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കഴിഞ്ഞവര്‍ഷം ഇന്ത്യക്കാര്‍ വിദേശത്ത് നടത്തിയത്. വിദേശ ഡെപ്പോസിറ്റ്, വസ്തു, ഓഹരി തുടങ്ങിയവയിലുള്ള നിക്ഷേപത്തിലാണ് വന്‍വര്‍ധന. 12 മാസത്തെ കണക്കെടുത്താല്‍ ഡിസംബറില്‍ റോക്കോഡ് കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിലെ കണക്കുപ്രകാരം ഓഹരി, കടപ്പത്രം എന്നിവയിലെ ഇന്ത്യക്കാരുടെ നിക്ഷേപം 969.5 മില്യണ്‍ ഡോളറെന്ന ഉയര്‍ന്ന നിലവാരത്തിലെത്തി. ഡിസംബര്‍ മാസത്തിൽ മാത്രം 119.58 മില്യണ്‍ ഡോളറാണ് നിക്ഷേപം. വിദേശ ഓഹരികളിലെ നിക്ഷേപ താല്‍പര്യമാണ് കുതിപ്പിന് പിന്നില്‍. മ്യൂച്വല്‍ ഫണ്ടുകള്‍വഴിയും നിരവധി ഇന്ത്യക്കാര്‍ ഓഹരികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഡിസംബറിലെ കണക്കനുസരിച്ച് വിദേശ ഓഹരികളിലുള്ള രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപം 2,27,055 കോടി കവിഞ്ഞു. ജനുവരിയിലെ കണക്കുപ്രകാരം ഈ മൂല്യം 2,29,012 കോടിയായും ഉയര്‍ന്നു. അതേസമയം, വിദേശ ഓഹരികളില്‍ നിക്ഷേപിക്കാനുള്ള പരിധി നിലനില്‍ക്കുന്നതിനാല്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ പലതിനും കൂടുതല്‍ നിക്ഷേപം സ്വീകരിക്കുന്നത് നിര്‍ത്തേണ്ടി വന്നു.