
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി വീണ്ടും ഒരു ഇലക്ട്രിക് വാഹനവുമായി എത്തുന്നു. അയോണിക്-5 എന്ന പേരില്‍ പ്രീമിയം ഭാവവുമായി എത്തുന്ന വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചതായി ഹ്യുണ്ടായി അറിയിച്ചു. ഒരു ലക്ഷം രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് അയോണിക് 5-ന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഹ്യുണ്ടായി ഒരുക്കിയ ബിയോണ്‍ഡ് മൊബിലിറ്റിയുടെ ഭാഗമായി ആദ്യമെത്തുന്ന വാഹനമാണ് അയോണിക്-5. 2023 ജനുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം പുറത്തിറക്കുമെന്നാണ് സൂചനകള്‍. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള ഈ വാഹനത്തിന്റെ വില ഉള്‍പ്പെടെയുള്ള വിവരങ്ങൾ അവതരണത്തിനായിരിക്കും ഹ്യുണ്ടായി പ്രഖ്യാപിക്കുക.58 kWh, 77.4 kWh എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് വിദേശ വിപണിയില്‍ ഈ വാഹനം എത്തിച്ചിട്ടുള്ളത്. ഇതിലെ ഉയര്‍ന്ന വകഭേദം ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 613 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കളുടെ ഉറപ്പ്. അതിവേഗ ചാര്‍ജിങ്ങ് സംവിധാനവും ഈ വാഹനത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്. 220 കിലോവാട്ട് ഡി.സി. ചാര്‍ജര്‍ ഉപയോഗിച്ച് 18 മിറ്റില്‍ 80 ശതമാനം ബാറ്ററി നിറയും. ഇതിനുപുറമെ, അഞ്ച് മിനിറ്റ് ചാര്‍ജിങ്ങിലൂടെ 100 കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജും ബാറ്ററിയിലെത്തും.
ഡിജിറ്റര്‍ യൂസര്‍ എക്‌സ്പീരിയന്‍സ് ഉറപ്പാക്കുന്ന ഇന്റീരിയറാണ് ഈ വാഹനത്തിന്റെ മറ്റൊരു സവിശേഷത. കോക്പിറ്റ് മാതൃകയിലുള്ള ഇന്റീരിയറില്‍ 12 ഇഞ്ച് വലിപ്പമുള്ള ഫുള്‍ ടച്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 12 ഇഞ്ച് വലിപ്പുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും നല്‍കുന്നുണ്ട്. ഹ്യുണ്ടായിയുടെ വാഹനങ്ങളില്‍ ആദ്യമായി ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ് അപ്പ് ഡിസ്‌പ്ലേയും അയോണിക് 4-ലുണ്ട്. വാഹനത്തിനുള്ളിലെ മറ്റ് ഫീച്ചറുകളും കൂടുതല്‍ സവിശേഷമാണ്. കുത്തി നിറച്ച അലങ്കരാങ്ങള്‍ ഇല്ലാതെ എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഡ്യുവല്‍ ഹെഡ്‌ലാമ്പുകള്‍, ഷാര്‍പ്പ് എഡ്ജുകള്‍ നല്‍കിയിട്ടുള്ള ബമ്പര്‍, കിടിലന്‍ ലുക്കിലുള്ള അലോയി വീല്‍, ഷാര്‍പ്പ് ലൈനുകള്‍ നല്‍കുന്ന ഡോറുകള്‍, ബോഡിക്കുള്ളില്‍ നില്‍ക്കുന്ന ഡോര്‍ ഹാന്‍ഡില്‍, പിക്‌സല്‍ ലൈറ്റുകള്‍ നല്‍കിയ ടെയ്ല്‍ സെക്ഷന്‍, പുതുമയുള്ള ബമ്പര്‍, വ്യത്യസ്തമായ ബാഡ്ജിങ്ങ് തുടങ്ങിയവാണ് എക്സ്റ്റീരിയറിനെ അലങ്കരിക്കുന്നത്.