
ഇന്ത്യയിലെ ഉത്പാദനം പൂര്‍ണമായും അവസാനിപ്പിക്കുന്നത് പ്രഖ്യാപിച്ച് ഫോര്‍ഡ്.ഇക്കോ സ്പോര്‍ട്ടിന്റെ അവസാന യൂണിറ്റ് പുറത്തിറക്കിയാണ് ഫോര്‍ഡ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.ചെന്നൈയിലെ നിര്‍മാണ ശാലയിലാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന്റെ ഇന്ത്യയിലെ ഏറ്റവുമൊടുവിലെ യൂണിറ്റ് പുറത്തിറക്കിയത്. 2021 സെപ്റ്റംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതായി കമ്പനി പ്രഖ്യാപിച്ചത്. കയറ്റുമതി വിപണിക്കായി കാറുകളും എന്‍ജിനുകളും നിര്മിക്കുന്നതിനായാണ് ഇതുവരെ ചെന്നൈ നിര്‍മാണശാലയില്‍ ഉത്പാദനം തുടര്‍ന്നത്.1995-ലാണ് ഫോര്‍ഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഫോര്‍ഡ് ഐക്കണ്‍, ഫിയസ്റ്റ്, ഫിഗോ, ഫ്യൂഷന്‍ തുടങ്ങി നിരവധി വാഹനങ്ങള്‍ ഫോര്‍ഡിന്റെ വാഹന നിന്ന് നിരത്തുകളില്‍ എത്തിയിരുന്നെങ്കിലും ഫോര്‍ഡിന് വലിയ ജനപ്രീതി സമ്മാനിച്ച വാഹനങ്ങളിലൊന്ന് 2012-ല്‍ പുറത്തിറങ്ങിയ ഇക്കോ സ്പോര്‍ട്ടാണ്. ഇന്ത്യയില്‍ വലിയ പ്രചാരം നേടിയ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വികളിലെ തുടക്കകാരന് കൂടിയായിരുന്നു ഈ വാഹനം. ഒടുവില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് ഈ വാഹനം പുറത്തിറക്കിയാണ്.
ഫോര്‍ഡിന് ഗുജറാത്തിലെ അഹമ്മദാബാദി നടുത്തുള്ള സാനന്ദിലും ചൈന്നെയിലുമായി രണ്ടു പ്ലാന്റുകളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഇതില്‍ സനന്ദ് പ്ലാന്റിലെ ഉത്പാദനം നേരത്തേ നിര്‍ത്തിയിരുന്നു. ഫിഗോ, ഫ്രീസ്റ്റൈല്‍, ആസ്പയര് തുടങ്ങിയ ചെറു കാറുകളാണ് ഇവിടെ നിര്‍മിച്ചത്. ചെന്നൈ പ്ലാന്റില്‍നിന്നാണ് ഫോര്‍ഡ് ഇക്കോ സ്പോര്‍ട്ടും എന്‍ഡവറും നിര്‍മിച്ചിരുന്നത്. ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോഴും തുടര്‍ന്നും സര്‍വീസും പാര്‍ട്സുകളും ലഭിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് ഫോര്‍ഡ് ഉറപ്പുനല്‍കുന്നത്.