Auto
Trending

ഒന്നിലധികം ഇന്ധനങ്ങളിലോടുന്ന വാഹനം വരുന്നു

വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ഉയർന്ന വിലയുള്ള ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഇന്ത്യയിൽ ഫ്ളെക്സ് ഫ്യുവൽ എൻജിൻ ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങൾ നിർമിക്കുന്നത് നിർബന്ധമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് വൈകാതെ തന്നെ പുറത്തിറക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.വരുന്ന മൂന്ന് അല്ലെങ്കിൽ നാല് മാസത്തിനുള്ളിൽ എല്ലാ വാഹന നിർമാതാക്കളും ഒന്നിലധികം ഇന്ധനം ഉപയോഗിക്കാൻ കഴിയുന്ന ഫ്ളെക്സ് എൻജിൻ വാഹനങ്ങൾ നിർമിക്കണമെന്ന ഉത്തരവ് ഇറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. എഥനോൾ അധിഷ്ഠിതമായ ഇന്ധനം അവതരിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.ഒന്നിലധികം ഇന്ധനം ഉപയോഗിക്കാൻ സാധിക്കുന്ന വാഹനങ്ങളെയാണ് ഫ്ളെക്സ്-ഫ്യുവൽ വെഹിക്കിൾ എന്ന് അറിയപ്പെടുന്നത്. ഒരു ഇന്ധനത്തിൽ മാത്രം പ്രവർത്തിക്കുന്ന എൻജിനുകളാണ് ഇന്ത്യയിലെ വാഹനങ്ങളിലുള്ളത്. എന്നാൽ, ഭാവിയിൽ ഒന്നിലധികം ഇന്ധനം ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങൾ നിർബന്ധമായും നിർമിക്കാൻ വാഹന കമ്പനികൾക്ക് നിർദേശം നൽകുന്നതായിരിക്കും പുതിയ ഉത്തരവെന്നാണ് വിവരം.ഒരു ലിറ്റർ പെട്രോളിന് 100 രൂപയ്ക്ക് മുകളിലും ഡീസലിന് 90 രൂപയ്ക്ക് മുകളിലുമാണ് നിലവിലെ വില. എന്നാൽ, എഥനോളിന് ലിറ്ററിന് 62.65 രൂപ മാത്രമാണ് വില. അതുകൊണ്ട് തന്നെ എഥനോൾ ഇന്ധനമായി ഉപയോഗിക്കുകയോ എഥനോൾ ചേർന്ന പെട്രോൾ ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ ഇന്ധനച്ചെലലവിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ധനച്ചെലവിൽ കുറവ് വരുന്നതിന് പുറമെ, എഥനോളിന് മറ്റ് പരമ്പരാഗത ഇന്ധനങ്ങളെക്കാൾ മലിനീകരണം കുറവാണെന്നാണ് വിലയിരുത്തൽ. ഇത് ഉപയോഗിക്കുന്നതിലൂടെ ദീർഘകാല അടിസ്ഥാനത്തിൽ കാർബൺ എമിഷൻ കുറയ്ക്കുന്നതിന് സഹായിക്കും. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഫ്ളെക്സ് ഫ്യുവൽ വാഹനങ്ങൾ സജീവമാണ്. ഇത് ഇന്ത്യയിൽ എത്തുന്നതോടെ പെട്രോളും എഥനോളും ഉപയോഗിച്ച് വാഹനം ഓടിക്കാൻ കഴിയും.

Related Articles

Back to top button