Tech
Trending

ഫോണുകളടക്കം എല്ലാ ഉപകരണങ്ങള്‍ക്കും ഒരേ ചാര്‍ജര്‍ മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍

രാജ്യാന്തര വിപണിയിൽ വിൽപനയ്ക്കെത്തുന്ന എല്ലാ മൊബൈൽ ഫോണുകൾക്കും ടാബ് ലെറ്റുകൾക്കും ഹെഡ്ഫോണുകൾക്കും ഒരേ ചാർജിങ് പോർട്ടുകൾ തന്നെയാക്കാൻ നീക്കവുമായി യൂറോപ്യൻ യൂണിയൻ. ഈ തീരുമാനത്തിന് ഏറെ പാരിസ്ഥിതിക നേട്ടമുണ്ടന്നും യൂറോപ്യൻ കമ്മീഷൻ പ്രതിനിധി പറയുന്നു.ഐഫോൺ നിർമാതാക്കളായ ആപ്പിളിന് കനത്ത വെല്ലുവിളിയാകുന്ന നീക്കമാണിത്.കഴിഞ്ഞ പത്ത് വർഷക്കാലമായി യൂറോപ്യൻ യൂണിയൻ ഇതിനായി ശ്രമിക്കുന്നുണ്ട്. ആപ്പിളിനെ ലക്ഷ്യമിട്ടുള്ള നീക്കമല്ലെന്ന് യൂറോപ്യൻ കമ്മീഷൻ വ്യക്തമാക്കുന്നു. ഒരു ദശാബ്ദം നീണ്ട ചർച്ചകൾ നടത്തിയിട്ടും ഇക്കാര്യത്തിൽ കമ്പനികൾക്ക് പരിഹാരം കാണാനായിട്ടില്ല.സ്മാർട്ഫോണുകൾ, ടാബ് ലെറ്റുകൾ, ക്യാമറകൾ, ഹെഡ്ഫോണുകൾ, പോർട്ടബിൾ സ്പീക്കറുകൾ, വീഡിയോ ഗെയിം കൺസോളുകൾ പോലുള്ള ഉപകരണങ്ങളിലെല്ലാം യുഎസ്ബി-സി പോർട്ട് മതിയെന്നാണ് പുതിയ നിർദേശം. ചാർജറുകൾ ഉപകരണങ്ങൾക്കൊപ്പമല്ലാതെ പ്രത്യേകമായി വിൽക്കാം.അതേസമയം ഒരേ കണക്ടർ തന്നെ നിർബന്ധിതമാക്കാനുള്ള നീക്കത്തിൽ ആശങ്കയുണ്ടെന്ന് ആപ്പിൾ പ്രതികരിച്ചു. നൂതന ആശയങ്ങളെ ഇത് പിന്തുണയ്ക്കില്ലെന്നും ഈ നീക്കം യൂറോപ്യൻ ജനതയ്ക്കും ലോകത്താകമാനമുള്ള ഉപഭോക്താക്കൾക്കും ദോഷം ചെയ്യുമെന്നും ആപ്പിൾ പറയുന്നു.ഏകീകൃത ചാർജറിൽ തീരുമാനമായാൽ രണ്ട് വർഷത്തിനുള്ളിൽ തന്നെ അത് നടപ്പിൽ വരുത്തണമെന്ന നിർദേശത്തിലും ആപ്പിൾ ആശങ്ക പ്രകടിപ്പിച്ചു.എന്നാൽ യൂറോപ്യൻ കമ്മീഷൻ ഇൻഡസ്ട്രി ചീഫ് തിയറി ബ്രെട്ടൻ ആപ്പിളിന്റെ വാദങ്ങളെ നിഷേധിച്ചു.അതേസമയം വ്യത്യസ്തങ്ങളായ ചാർജറുകൾ ഉപയോഗിക്കേണ്ടി വരുന്നതിൽ ഉപഭോക്താക്കളിൽ നിന്ന് നിരന്തരം പരാതികളുയരുന്നുണ്ട്. ആപ്പിൾ ഫോണുകളിൽ ലൈറ്റ്നിങ് കേബിളാണ് ചാർജിങിനുള്ളത്. എന്നാൽ ആൻഡ്രോയിഡ് ഫോണുകളിൽ യുഎസ്ബി സി ടൈപ്പ് കണക്റ്ററുകളാണുള്ളത്.നിർദേശം യൂറോപ്യൻ യൂണിയൻ അംഗീകരിച്ചാൽ രണ്ട് വർഷത്തിനുള്ളിൽ ഫോണുകളിലെല്ലാം ഏകീകൃത ചാർജിങ് പോർട്ട് കൊണ്ടുവരാൻ കമ്പനികൾ നിർബന്ധിതരാവും. ഇന്ത്യയുൾപ്പടെയുള്ള ആഗോള വിപണിയിലും ഈ തീരുമാനത്തിന്റെ പ്രതിഫലനങ്ങളുണ്ടായേക്കും.

Related Articles

Back to top button