
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി ഫെഡറൽ ബാങ്ക്. സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം സാമ്പത്തിക പാദത്തിൽ ബാങ്കിന്റെ അറ്റാദായം 703.71 കോടി രൂപയാണ്. എന്നാൽ മുൻ വർഷം ഇതേ പാദത്തിൽ 460.26 കോടി രൂപയായിരുന്നു അറ്റാദായം. പ്രവർത്തന വരുമാനം 32.91 % വളർച്ചയോടെ 1212.24 കോടി രൂപയിലെത്തി; കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 912.08 കോടി രൂപ. മൊത്തം ബിസിനസ് 14.36 % വർധിച്ച് 350386.03 കോടി രൂപയിലുമെത്തി. മുൻവർഷം ഇതേ കാലയളവിൽ 171994.74 കോടി രൂപയായിരുന്ന നിക്ഷേപം 189145.71 കോടി രൂപയായി വർധിച്ചു. വായ്പ നൽകുന്നതിലും വർധനയുണ്ടായി. ആകെ വായ്പ മുൻ വർഷത്തെ 137313.37 കോടി രൂപയിൽ നിന്ന് 163957.84 കോടി രൂപയായി. 4031.06 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി.ഏതെങ്കിലും ഒരു ഘടകമല്ല, എല്ലാ മാനദണ്ഡങ്ങളിലും മികച്ച പ്രകടനം നടത്തുന്നതാണു ബാങ്കിനെ ചരിത്ര നേട്ടത്തിലേക്കു നയിച്ചതെന്നു മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു.മികച്ച പ്രവർത്തനം തുടർന്നും നിലനിർത്തുന്നതിനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.