Big B
Trending

പുതിയ ഇകൊമേഴ്‌സ് നിയമങ്ങൾക്കെതിരെ ടാറ്റയും രംഗത്ത്

ഇന്ത്യ അണിയറയില്‍ തയാറാക്കുന്ന പുതിയ ഇകൊമേഴ്‌സ് നിയമങ്ങള്‍ കടുത്ത പ്രത്യാഘാതങ്ങള്‍ക്കു വഴിവയ്ക്കുമെന്ന് രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനമായ ടാറ്റാ ഗ്രൂപ്പും മുന്നറിയിപ്പു നല്‍കി. ആമസോണും ഇക്കാര്യം അറിയിച്ചു. രാജ്യത്തേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന ‘ഇന്‍വെസ്റ്റ് ഇന്ത്യ’യുടെ മീറ്റിങ്ങിലാണ് ഇരു കമ്പനികളും തങ്ങളുടെ ആശങ്ക രേഖപ്പെടുത്തിയത്. കൊണ്ടുവരാന്‍ ശ്രമിക്കുന്ന പല നിയമങ്ങളും വ്യക്തമായി നിര്‍വചിക്കാത്തത് ഒരു പ്രശ്‌നമാണ്, നിര്‍ദേശങ്ങള്‍ വയ്ക്കാനുള്ള അവസാന തിയതി ജൂലൈ 6 ആണ് എന്നതും ശരിയാണോ എന്നും അവര്‍ ചോദിക്കുന്നു. തിയതി നീട്ടിവയ്ക്കണം എന്നാണ് മിക്കവരും ആവശ്യപ്പെട്ടിരിക്കുന്നത്.


കടുത്ത നിയമങ്ങളാണ് ജൂണ്‍ 21ന് പുറത്തിറക്കിയിരിക്കുന്ന കരട് രേഖകളിലുള്ളത്. ഇത് ഉപയോക്താക്കളുടെ സംരക്ഷണത്തിനാണ് എന്നാണ് സർക്കാർ പറയുന്നതെങ്കിലും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങൾ ഇവയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നു.രാജ്യത്തെ 100 ബില്ല്യന്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായ ടാറ്റയ്ക്കും പുതിയ നിയമങ്ങളുടെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അവര്‍ക്കു നിക്ഷേപമുള്ള കമ്പനിയായ സ്റ്റാര്‍ബക്‌സിന്റെ ഉല്‍പന്നങ്ങള്‍ ടാറ്റാ മാര്‍ക്കറ്റ്‌പ്ലെയ്‌സ് വെബ്‌സൈറ്റ്‌ വഴി വില്‍ക്കാന്‍ സാധിക്കാതെ വരുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍, അതുമാത്രമായിരിക്കില്ല, ടാറ്റയുടെ പ്രൈവറ്റ് ബ്രാന്‍ഡുകള്‍ വഴിയുള്ള ഉല്‍പന്നങ്ങളും വിറ്റഴിക്കല്‍ വിഷമമായേക്കുമെന്നും കമ്പനി പറയുന്നു. അതേമയം, നിയമങ്ങളെല്ലാം ഉപയോക്താക്കളെ സംരക്ഷിക്കാനാണെന്നും, അത് മറ്റു രാജ്യങ്ങളില്‍ നിലവിലുള്ള നിയമങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ കടുത്തവയാണെന്നു തോന്നില്ലെന്നുമാണ് സർക്കാർ നിലപാട്.

Related Articles

Back to top button