Auto
Trending

ഇന്ത്യയില്‍ വരവറിയിച്ച് ബി.വൈ.ഡിയുടെ മൂന്നാമൻ

ഇ6 എന്ന ഇലക്ട്രിക് എം.പി.വിയിലൂടെയായിരുന്നു ബില്‍ഡ് യുവര്‍ ഡ്രീംസ് അഥവ ബി.വൈ.ഡി. എന്ന ചൈനീസ് വാഹന നിർമ്മാതാക്കളുടെ ഇന്ത്യന്‍ വാഹന വിപണിയിലെ പ്രവേശനം. ഇപ്പോള്‍ മൂന്നാമത്തെ വാഹനം വിപണിയില്‍ എത്തിക്കാനുള്ള തിരക്കിട്ട പണിയിലാണ് കമ്പനി. 2023 ഡല്‍ഹി ഓട്ടോയില്‍ ബി.വൈ.ഡിയുടെ പവലിയനിലെ ഹൈലൈറ്റായിരുന്ന സീല്‍ എന്ന വാഹനമാണ് വിപണിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ ആദ്യ ചുവടുവയ്‌പ്പെന്നോണം ബി.വൈ.ഡിയുടെ വെബ്‌സൈറ്റില്‍ സീല്‍ എന്ന മോഡലും സ്ഥാനം പിടിച്ചുകഴിഞ്ഞു.

ആഡംബര സ്‌പോര്‍ട്‌സ് കാറുകളോട് കിടപിടിക്കുന്ന സൗന്ദര്യവുമായാണ് സീല്‍ എത്തുന്നത്. സമുദ്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനാണ് സീലിന്റേത് എന്നാണ് ബി.വൈ.ഡി. അവകാശപ്പെടുന്നത്. ബ്ലാക്ക് സ്‌മോഗ്ഡ് ആയിട്ടുള്ള നേര്‍ത്ത എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, കൂര്‍ത്ത ബമ്പര്‍, ബ്ലാക്ക് ബോര്‍ഡര്‍ നല്‍കിയിട്ടുള്ള എയര്‍ഡാം എന്നിവയാണ് മുന്‍വശത്തെ സൗന്ദര്യം. അതേസമയം, നീളത്തിലുള്ളതാണ് ബോണറ്റ്. റൊട്ടേറ്റിങ്ങ് ടച്ച് സ്‌ക്രീനാണ് ഇതിലെ ഒരു സവിശേഷത. 15.6 ഇഞ്ച് നീളമാണ് ഈ സ്‌ക്രീനിനുള്ളത്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിന് 10.25 ഇഞ്ച് വലിപ്പമാണുള്ളത്. ഡ്രൈവിങ്ങ് മോഡുകള്‍ തിരഞ്ഞെടുക്കുന്നതും വിന്‍ഡ് സ്‌ക്രീന്‍ ഹീറ്റാക്കുന്നതുമെല്ലാം ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിലൂടെ സാധ്യമാകുന്നതും ഈ വാഹനത്തിന്റെ അകത്തളത്തിലെ സവിശേഷതയാണ്. 61.4 കിലോവാട്ട്, 82.5 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്കുകളില്‍ സീല്‍ ഇന്ത്യയില്‍ എത്തുന്നുണ്ട്. 61.4 khw മോഡലിന് 550 കിലോമീറ്റര്‍ റേഞ്ചും 82.5kwh ബാറ്ററി പാക്ക് മോഡലില്‍ 700 കിലോമീറ്റര്‍ റേഞ്ചുമാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. ഒക്ടോബര്‍ മാസത്തോടെ നിരത്തുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന് ഏകദേശം 70 ലക്ഷം രൂപയോളമാണ് വില പ്രതീക്കുന്നത്.

Related Articles

Back to top button