
ലോകത്തെ ഏറ്റവും ജനപ്രിയമായ സോഷ്യല്‍ മീഡിയ ആപ്പിലൊന്നാണ് ഇന്‍സ്റ്റഗ്രാം. ഇപ്പോഴിതാ, ടെലഗ്രാമില്‍ ഉള്ളതിന് സമാനമായ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ‘പുതിയ ബ്രോഡ്കാസ്റ്റിങ് ചാറ്റ് ഫീച്ചര്‍’ ആയ ‘ചാനല്‍’ ആരംഭിക്കാനാണ് ഇന്‍സ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ തയ്യാറെടുക്കുന്നത്. ടെലഗ്രാമിലെ ചാനലുകള്‍ക്ക് സമാനമായിരിക്കും ഇന്‍സ്റ്റഗ്രാമിലെയും ബ്രോഡ്കാസ്റ്റിങ് ചാനലുകളുടെ പ്രവര്‍ത്തനം. ഇതോടെ ക്രിയേറ്റേഴ്സിന് അവരെ ഫോളോ ചെയ്യുന്നവര്‍ക്ക് പ്രധാനപ്പെട്ട അപ്ഡേറ്റുകളും വാര്‍ത്തകളും അനായാസമായി പങ്കിടാന്‍ ബ്രോഡ്കാസ്റ്റ് ചാനലുകള്‍ വഴി സാധിക്കും. മെറ്റ പ്രോഡക്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതിലൂടെ ആദ്യം അറിയിക്കുമെന്നാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചത്. ഇതിന്റെ ഭാഗമായി മെറ്റയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള് ഉപയോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കുന്ന മെറ്റാ ബ്രോഡ്കാസ്റ്റ് ചാനലും സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു. ഈ ചാനല്‍ ഇതിനോടകം തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഒരു ചാനലിന്റെ ഭാഗമാകാനും ആവശ്യമായ അപ്ഡേറ്റുകള് അറിയാന്‍ സാധിക്കുമെങ്കിലും മറുപടി നല്‍കാനുള്ള ഒരു ഓപ്ഷന് ഉണ്ടായിരിക്കില്ല. ചാനലുകള്‍ മ്യൂട്ട് ചെയ്യാനും പുറത്ത് പോകാനും സാധിക്കും.ബ്രോഡ്കാസ്റ്റ് ചാനലുകളില്‍ അംഗങ്ങളായാല്‍ മറ്റ് ചാറ്റുകളെപ്പോലെ തന്നെ മെസ്സേജ് വിഭാഗത്തില്‍ കാണാന്‍ സാധിക്കും. വരും മാസങ്ങളില്‍ ബ്രോഡ്കാസ്റ്റ് ചാനലുകള്‍ ഫേസ്ബുക് മെസ്സെഞ്ചറിലുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.