ഡിസംബറില്‍ ഇന്ത്യ റഷ്യയില്‍നിന്ന് പ്രതിദിനം ഇറക്കുമതി ചെയ്തത് 10 ലക്ഷം ബാരല്‍ ക്രൂഡ് ഓയിൽ

മൂന്നാമത്തെ മാസവും രാജ്യത്തേയ്ക്കുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയില്‍ റഷ്യ ഒന്നാമതെത്തി. ഡിസംബറില്‍ പ്രതിദിനം 10 ലക്ഷം ബരല് എണ്ണയാണ് റഷ്യയില്‍നിന്ന് രാജ്യത്തെത്തിയതെന്ന് ഊര്‍ജ രഹസ്യ വിവര അന്വേഷണ സ്ഥാപനമായ വോര്‍ടെക്സയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി വിഹിതം ഇതോടെ 25ശതമാനമായി. 2022 മാര്‍ച്ചുവരെ മൊത്തം ഇറക്കുമതിയുടെ 0.2ശതമാനം മാത്രമായിരുന്നു വിഹിതം. ഏറെക്കാലമായി ഇന്ത്യയിലേയ്ക്കുള്ള എണ്ണ ഇറക്കുമതിയില്‍ മുന്നില്‍ നിന്നിരുന്ന ഇറാഖിനെയും സൗദി അറേബ്യയെയും മറികടന്നാണ് റഷ്യയുടെ മുന്നേറ്റം. വോര്ടെക്സിന്റ കണക്കനുസരിച്ച് ഇറാഖില്‍നിന്ന് ഡിസംബറില്‍ 8,03,228 ബാരല്‍ ക്രൂഡ് ആണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. സൗദിയില്നിന്നാകട്ടെ 7,18,357 ബാരലും. യുഎസിനെ പിന്തള്ളി രാജ്യത്തേയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്ന നാലമാത്തെ വലിയ രാജ്യമായി യുഎഇ. ഡിസംബറില്‍ 3,23,811 ബാരല്‍ ക്രൂഡ് ആണ് യുഎഇയില്‍നിന്ന് ഇന്ത്യയിലെത്തിയത്.