
തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് നേരിട്ടതോടെ അദാനി ഗ്രൂപ്പിലെ പത്ത് കമ്പനികളുടെ മൊത്തം വിപണി മൂല്യം 100 ബില്യണ്‍ ഡോളറി(82,7565 കോടി രൂപ)ന് താഴെയായി. അദാനി ടോട്ടല്‍ ഗ്യാസാണ് കൂടുതല്‍ ആഘാതം നേരിട്ടത്. വിപണിമൂല്യത്തില്‍ ജനുവരി 24നുശേഷം 76ശതമാനം ഇടിവുണ്ടായി. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്സ്മിഷന് എന്നീ കമ്പനികളുടെ വിപണിമൂല്യമാകട്ടെ യഥാക്രമം 69ശതമാനവും 68ശതമാനവും താഴ്ന്നു. യുഎസ് ഓഹരി നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം 136 ബില്യണ്‍ ഡോളറാണ് വിപണിമൂല്യത്തില്‍ ഇടിവുണ്ടായത്.റിപ്പോര്‍ട്ട് പുറത്തു വന്നതിനുശേഷം മിക്കവാറും വ്യാപാര ദിനങ്ങളില്‍ ഓഹരിവിലയില്‍ ലോവര്‍ സര്‍ക്യൂട്ട് ഭേദിക്കല്‍ തുടര്‍ന്നു. വില്പന സമ്മര്‍ദം തുടര്‍ന്നതോടെ സര്‍ക്യൂട്ട് അഞ്ച് ശതമാനത്തില്‍നിന്ന് 20ശതമാനമായി സ്റ്റോക്ക് എക്സ്ചേഞ്ച് പരിഷ്കരിക്കുകയുംചെയ്തു. വിപണിയില്‍ പിടിച്ചുനില്ക്കാന് അതിവേഗ നടപടികളുമായി അദാനിയും സംഘവും മുന്നോട്ടുപോകുന്നതിനിടെയാണ് ഓഹരി വിലയില്‍ ഇടിവ് തുടരുന്നത്.