Auto
Trending

പത്തു ലക്ഷം എന്ന റെക്കോഡ് കടന്ന് മിനി

വിൽപനയിൽ പത്തു ലക്ഷമെന്ന മാജിക് നമ്പര്‍ കടന്ന് മിനി 3 ഡോർ. ദശലക്ഷം കാറുകള്‍ പുറത്തിറക്കിയതിനൊപ്പം കമ്പനിയുടെ 110–ാം വാര്‍ഷികവും ആഘോഷിക്കുകയാണ് ഓക്‌സ്ഫഡിലെ മിനി നിര്‍മാണ പ്ലാന്റ്. ചെറുകാറുകളുടെ കൂട്ടത്തിലെ രാജാവായ മിനി നഗര തിരക്കുകള്‍ക്ക് അനുയോജ്യമായ ആഡംബര വാഹനമായാണ് കരുതപ്പെടുന്നത്. കാലമേറെ കഴിഞ്ഞെങ്കിലും ഇന്നും കാര്‍ പ്രേമികളില്‍ മിനിയുടെ രൂപകല്‍പനയില്‍ പുതുമ നഷ്ടപ്പെട്ടിട്ടില്ലെന്നത് ഒരു അദ്ഭുതം തന്നെയാണ്. മിനിയുടെ രൂപത്തില്‍ ആദ്യം മനസിലേക്കെത്തുന്ന ആ ഹെഡ്‌ലൈറ്റുകളും മനോഹരമായ ബോണറ്റ് സ്ട്രിപ്പുകളും ടെയ്ല്‍ ലൈറ്റിലെ യൂണിയന്‍ ജാക്ക് പതാകയുമൊക്കെ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. യാത്രാ സുഖവും ഉന്നത നിലവാരവും നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകളുമെല്ലാം ചേര്‍ന്ന് ഇന്നും മിനിയുടെ ആരാധകരുടെ എണ്ണം കൂട്ടുന്നുണ്ട്.ആധുനിക ലോകത്തിലും ഏറ്റവും പ്രചാരമുള്ള ചെറുകാറാണ് മിനി 3 ഡോര്‍. ഡീസലിലും ഗ്യാസിലും പ്രവര്‍ത്തിക്കുന്ന എൻജിനുകള്‍ മിനിക്കുണ്ട്. മിനി കൂപ്പര്‍ എസ്.ഇ എന്ന വൈദ്യുത മോഡല്‍ 2020ലാണ് പുറത്തിറങ്ങുന്നത്. ഒറ്റ ചാര്‍ജില്‍ 270 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ മിനി കൂപ്പര്‍ എസ്.ഇക്ക് സാധിക്കും. വൈദ്യുത കാര്‍ നിര്‍മിച്ചു തന്നെയാണ് മിനി കാറുകളില്‍ പത്തു ലക്ഷം എണ്ണം പൂര്‍ത്തിയാക്കുന്നതും.പത്തു ലക്ഷം കാറുകള്‍ വിറ്റ ശേഷവും കാര്‍ പ്രേമികളുടെ ഹൃദയത്തില്‍ സവിശേഷ സ്ഥാനമുള്ള മിനി വരും വര്‍ഷങ്ങളിലും ജൈത്ര യാത്ര തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ.

Related Articles

Back to top button