
കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാൻഡായ ‘നിറപറ’യെ രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ വിപ്രോ ഏറ്റെടുക്കുന്നു.ഈയാഴ്ച തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. വിപ്രോ ഗ്രൂപ്പിന് കീഴിലുള്ള ഉപഭോക്തൃ ഉത്പന്ന കമ്പനിയായ ‘വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിങ്’ വഴിയായിരിക്കും ഏറ്റെടുക്കൽ. എന്നാൽ എത്ര തുകയുടേതാണ് ഇടപാടെന്ന് വ്യക്തമാല്ല.ചന്ദ്രിക, സന്തൂർ, എൻചാന്റർ, യാർഡ്ലി എന്നീ ബ്രാൻഡുകളിലൂടെ പേഴ്സണൽ കെയർ രംഗത്ത് ശക്തമായ സാന്നിധ്യമുള്ള വിപ്രോയ്ക്ക് ഭക്ഷ്യോത്പന്ന വിപണിയിലേക്ക് ചുവടുവെയ്ക്കാനാണ് നിറപറയുടെ ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നത്. ഏറ്റെടുക്കൽ പൂർത്തിയായാലും ‘നിറപറ’ എന്ന ബ്രാൻഡ് നിലനിർത്തുമെന്നാണ് അറിയുന്നത്.
അരി, കറിപ്പൊടികൾ, അച്ചാർ തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളിലൂടെയാണ് നിറപറ വിപണി പിടിച്ചത്. 2017-18 സാമ്പത്തിക വർഷം ഏതാണ്ട് 400 കോടി രൂപ വിറ്റുവരവുണ്ടായിരുന്ന കമ്പനി 2020-ഓടെ അത് 1,000 കോടി രൂപയിലെത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, പ്രതിസന്ധികളെത്തുടർന്ന് കഴിഞ്ഞ മൂന്നു-നാലു വർഷങ്ങളായി മേൽക്കൈ നഷ്ടപ്പെടുകയായിരുന്നു. ഇതോടെ, പല വിപണികളിൽനിന്നും ക്രമേണ നിറപറ ഉത്പന്നങ്ങൾ അപ്രത്യക്ഷമാകാൻ തുടങ്ങി. ഇതോടെയാണ് വിപ്രോ ഉൾപ്പെടെയുള്ള കമ്പനികളെ സമീപിച്ചത്. ഒരു വർഷം മുമ്പുതന്നെ വിപ്രോയുമായുള്ള ഇടപാട് സംബന്ധിച്ച അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും വില സംബന്ധിച്ച ധാരണയെത്താത്തതിനെത്തുടർന്ന് അത് പരാജയപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഇരുകൂട്ടരും വീണ്ടും ഇടപാട് സംബന്ധിച്ച് ചർച്ചകൾ നടത്തി ധാരണയുണ്ടാക്കുകയായിരുന്നു.രണ്ടു വർഷം മുമ്പ് കേരളം ആസ്ഥാനമായ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന-ഭക്ഷ്യോത്പന്ന കമ്പനിയായ ‘ഈസ്റ്റേൺ കോണ്ടിമെന്റ്സി’ന്റെ 67.80 ശതമാനം ഓഹരികൾ 1,356 കോടി രൂപയ്ക്ക് നോർവീജിയൻ കമ്പനിയായ ‘ഓർക്ല’ സ്വന്തമാക്കിയിരുന്നു.