Big B
Trending

ശ്രീനഗറിൽ ഭക്ഷ്യ സംസ്കരണ ശാല സ്ഥാപിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്

മലയാളി വ്യവസായി എം എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ശ്രീനഗറിൽ ഭക്ഷ്യ സംസ്കരണ ശാല ആരംഭിക്കാൻ ഒരുങ്ങുന്നു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സിഐഐ), ഇൻവെസ്റ്റ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ദുബായിലെ കൗൺസിലിലേറ്റ് ജനറൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച യുഎഇ ഇന്ത്യ ഫുഡ് സെക്യൂരിറ്റി സമിറ്റിന്റെ ഭാഗമായി ജമ്മു കാശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി നവീൻ കുമാർ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചർച്ചയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്.


ജമ്മു കാശ്മീരിൽ നിന്ന് കാർഷികോൽപ്പന്നങ്ങൾ സംഭരിക്കാനാണ് ശ്രീനഗറിൽ ഭക്ഷ്യ സംസ്കരണ ശാല ആരംഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഭക്ഷ്യോല്പന്നങ്ങളു ഭക്ഷ്യേതര ഉൽപ്പന്നങ്ങളും വൻതോതിൽ കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പ്. പുതിയ സംസ്കരണശാല ആരംഭിക്കുന്നതോടു കൂടി കാശ്മീരി ഉൽപ്പന്നങ്ങൾ വൻതോതിൽ ഗൾഫ് മേഖലയിലേക്ക് കയറ്റുമതി ചെയ്യുമെന്ന് യൂസഫലി ഉറപ്പുനൽകി. ഈ സംസ്കരണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ആദ്യഘട്ടത്തിൽ 60 കോടി രൂപയാണ് ലുലു ഗ്രൂപ്പ് മുടക്കുക. ഇതിലൂടെ ഏകദേശം മുന്നൂറോളം പേർക്ക് തൊഴിൽ ലഭിക്കും. നിലവിൽ കാശ്മീരിൽനിന്ന് ആപ്പിളും കുങ്കുമവും ലുലു കയറ്റുമതി ചെയ്യുന്നുണ്ട്. വരും വർഷങ്ങളിൽ ഈ മേഖലയിൽ നിന്നുള്ള കയറ്റുമതി വൻതോതിൽ വർദ്ധിക്കും.

Related Articles

Back to top button