
ഒടുവിൽ ആപ്പിളിന് ഫിറ്റ്നസ് പ്ലസ് പ്രോഗ്രാം ആരംഭിക്കുകയാണ്. ഡിസംബർ 14 മുതൽ വിവിധ വ്യായാമമുറകൾ നിർദ്ദേശിക്കുന്ന ഫിറ്റ്നസ് പ്ലസ് പ്രോഗ്രാം യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ആരംഭിക്കും. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഒരു ഫിറ്റ്നസ് പ്ലസ് സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചത്.

പ്രതിമാസം 9.99 ഡോളർ (ഏകദേശം 700 രൂപ) ചെലവ് വരുന്ന ഈ സേവനം 6 കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കാനാകും. ഹൈ ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിങ്, യോഗ, ഡാൻസ്, കോർ സൈക്ലിംഗ്, മൈൻഡ് ഫുൾ കൂൾഡൗൺ, റോവിങ് തുടങ്ങി പത്തോളം വ്യായാമമുറകളാണ് ഫിറ്റ്നസ് പ്ലസിലുള്ളത്. ഇതിനോട് ചേർന്ന് മറ്റു ചില അനുബന്ധ ഉൽപ്പന്നങ്ങളും ആപ്പിൾ നേരിട്ട് വിൽപ്പന എത്തിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഈ അനുബന്ധ ഉത്പന്നങ്ങൾ ആപ്പിളിന്റെ പേരിലല്ല വിൽക്കുന്നത്. എന്നാൽ ആപ്പിൾ സ്റ്റോറിൽ മറ്റ് ഹെൽത്ത്, ഫിറ്റ്നസ് ഉപകരണങ്ങൾക്കൊപ്പം യോഗ മാറ്റും മറ്റ് അനുബന്ധ ഉപകരണങ്ങളും വിൽപ്പന നടത്തും. മണ്ഡൂക പെർഫോമൻസ് യോഗ മാറ്റ്,മണ്ഡൂക ഇക്കോലൈറ്റ് യോഗ മാറ്റ്, കോർക്ക് യോഗ ബ്ലോക്ക് എന്നിവയാണ് ഈ അനുബന്ധ ഉപകരണങ്ങൾ.