Tech
Trending

സ്വകാര്യത പങ്കുവച്ചില്ലെങ്കിലും വാട്സാപ് പോകില്ല

പുതിയ ‘സ്വകാര്യത നയം’ 15നു മുൻപ് അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് പിന്നീട് സന്ദേശമയയ്ക്കാൻ സാധിക്കില്ലെന്ന നിലപാട് വാട്സാപ് ഉപേക്ഷിച്ചു. കോവിഡ് വ്യാപനം കാരണം അടിയന്തര സന്ദേശങ്ങൾ പ്രവഹിക്കുന്ന വേളയിൽ വാട്സാപ് പ്രവർത്തനം മുടങ്ങില്ലെന്നത് ഏറെപ്പേർക്ക് ആശ്വാസമേകും.വാട്സാപ് വരിക്കാരുടെ ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ്‌വർക്, ഏതൊക്കെത്തരം ചാറ്റ് ഗ്രൂപ്പുകളിൽ അംഗമാണ്, ഏതൊക്കെ ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്നു, ഏതൊക്കെ വെബ്സൈറ്റുകൾ വാട്സാപ് വഴി ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങൾ വാട്സാപ്പിന്റെ ഉടമകളായ ഫെയ്സ്ബുക്കുമായും ഇൻസ്റ്റഗ്രാം പോലെയുള്ള ഗ്രൂപ്പ് കമ്പനികളുമായും മറ്റ് ഇന്റർനെറ്റ് കമ്പനികളുമായും പങ്കുവയ്ക്കുമെന്നു പറയുന്ന നയം ഇക്കൊല്ലം ആദ്യമാണു പ്രഖ്യാപിച്ചത്.


അപ്പോൾ മുതൽ ശക്തമായ എതിർപ്പ് സമൂഹത്തിൽനിന്നും സർക്കാരിൽനിന്നും കമ്പനി നേരിടുകയാണ്.ഫെബ്രുവരി 8നുമുൻപ് നയം അംഗീകരിക്കാത്തവർക്ക് പിന്നീട് വാട്സാപ് കോളും നോട്ടിഫിക്കേഷനും കിട്ടുമെങ്കിലും സന്ദേശം അയയ്ക്കാനാകില്ലെന്നായിരുന്നു അറിയിപ്പ്. എന്നാൽ സംഗതി വിവാദമായതോടെ, സ്വകാര്യത ലംഘിക്കുന്നവയല്ല പുതിയ നിർദേശങ്ങളെന്നു ബോധവൽക്കരണം നടത്തിയശേഷം മേയ്15ന് നയം നടപ്പാക്കുമെന്നു പിന്നീടു പ്രഖ്യാപിച്ചു. ഒരു അക്കൗണ്ടും ഡിലീറ്റ് ചെയ്യില്ലെന്നും തുടർന്നുള്ള ഏതാനും ആഴ്ചകളിൽ ഉപയോക്താക്കളെ നയം സംബന്ധിച്ച് സന്ദേശങ്ങളിലൂടെ ഓർമിപ്പിക്കുമെന്നും കമ്പനി പറയുന്നു.53 കോടി വരിക്കാരാണ് ഇന്ത്യയിൽ വാട്സാപ്പിനുള്ളതെന്നു സർക്കാർ കണക്കാക്കുന്നു. വാട്സാപ്പിന്റെ ഉടമകളായ ഫെയ്സ്ബുക്കിന്റെയും ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ.

Related Articles

Back to top button