
എക്‌സ്പ്രസ്, സര്‍ഫ്ഷാര്‍ക് വിപിഎന്‍ കമ്പനികൾക്കു പിന്നാലെ പ്രോട്ടോണ്‍ വിപിഎന്നും ഇന്ത്യയിലെ പ്രവര്‍ത്തനം നിർത്തി.ഇന്ത്യ പ്രാബല്യത്തില്‍ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിയമ പ്രകാരം 180 ദിവസത്തേക്ക് ആളുകളുടെ ലോഗും അവരെക്കുറിച്ച് 5 വര്‍ഷത്തിലേറെയുള്ള ഡേറ്റയും സൂക്ഷിക്കണം.കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ പുതിയ നിബന്ധന അനുസരിക്കാനാവില്ല എന്നതിനാലാണ് ഇന്ത്യയിലെ പ്രവർത്തനം നിർത്തുന്നത്.വെർച്വൽ-പ്രൈവറ്റ്-നെറ്റ്‌വർക്ക് സേവനങ്ങൾ നൽകുന്നതിന് പേരുകേട്ട സ്വിസ് ഇന്റർനെറ്റ് കമ്പനിയാണ് പ്രോട്ടോൺ.ഇന്ത്യയിലും ആഗോളതലത്തിലും പ്രധാന വിപിഎൻ സേവന ദാതാക്കളിൽ ഒന്നാണ് പ്രോട്ടോൺ.ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനായി ഇന്ത്യയിൽ നിന്ന് കമ്പനിയുടെ സെർവറുകൾ നീക്കം ചെയ്യുകയാണ്. ഇന്ത്യൻ ഉപയോക്താക്കളുടെ ഡേറ്റ പ്രാദേശികമായി സൂക്ഷിക്കാൻ വിപിഎൻ ഓപ്പറേറ്റർമാരെ നിർബന്ധിക്കുന്ന വരാനിരിക്കുന്ന സൈബർ സുരക്ഷാ നിയമങ്ങളിൽ പ്രതിഷേധിച്ച് കൂടുതല്‍ കമ്പനികൾ രാജ്യത്തെ പ്രവർത്തനം നിർത്തിയേക്കും.എന്നാൽ, പ്രോട്ടോൺ മറ്റു വിപിഎന്‍ കമ്പനികളെ പോലെ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇപ്പോഴും അവരുടെ സേവനം ഉപയോഗിക്കാൻ കഴിയുമെന്ന് വ്യക്തമാക്കി. ഒരു ഇന്ത്യൻ ഐപി അഡ്രസ് നൽകുന്നതിനായി അവർ ‘സ്മാർട് റൂട്ടിങ് സെർവറുകൾ’ പുറത്തിറക്കുമെന്നും ട്വീറ്റിലൂടെ കമ്പനി അറിയിച്ചു.