Auto
Trending

മിഡ് സൈസ് എസ്.യു.വി. ശ്രേണി വാഴാൻ ഗ്രാന്റ് വിത്താര എത്തി

ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വിയിലും മാരുതിയുടെ മേധാവിത്വം ഉറപ്പിക്കുന്നതിനായി ഗ്രാന്റ് വിത്താര എസ്.യു.വി. അവതരിപ്പിച്ചു. ജൂലായിയില്‍ പ്രദര്‍ശനത്തിനെത്തിക്കുകയും തൊട്ടുപിന്നാലെ ബുക്കിങ്ങ് ആരംഭിക്കുകയും ചെയ്ത ഗ്രാന്റ് വിതാതരയ്ക്ക് വില പോലും പ്രഖ്യാപിക്കുന്നതിന് മുമ്പ് മികച്ച ബുക്കിങ്ങാണ് സ്വന്തമാക്കിയത്.ഈ സെഗ്മെന്റിനെ എതിരാളികളെ ഞെട്ടിക്കുന്ന വിലയിലാണ് ഗ്രാന്റ് വിത്താരയുടെ വരവ്. മോണോടോണ്‍ മൈല്‍ഡ് ഹൈബ്രിഡ് മാനുവല്‍ മോഡലിന് 10.45 ലക്ഷം രൂപ മുതല്‍15.39 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് മോഡലിന് 13.40 ലക്ഷം രൂപ മുതല്‍ 16.89 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. ഗ്രാന്റ് വിത്താര ഓള്‍വീല്‍ ഡ്രൈവ് പതിപ്പിന് 16.89 ലക്ഷം രൂപയും 17.05 ലക്ഷം രൂപയുമാണ് വില. മോണോടോണ്‍ സ്‌ട്രോങ്ങ് ഹൈബ്രിഡ് മോഡലിന് 17.99 ലക്ഷം രൂപ മുതല്‍ 19.49 ലക്ഷം രൂപ വരെയും ഡ്യുവല്‍ ടോണ്‍ മോഡലിന് 18.15 ലക്ഷം രൂപ മുതല്‍ 19.65 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില.

മാരുതിയുടെ വാഹനങ്ങളില്‍ ഏറ്റവും സൗന്ദര്യമുള്ള മോഡല്‍ എന്ന വിശേഷണവും ഗ്രാന്റ് വിത്താരയ്ക്ക് ഇണങ്ങും. ക്രോമിയം ആവരണം നല്‍കി അലങ്കരിച്ചിരിക്കുന്ന ഗ്രില്ല്, മൂന്ന് നിരയായി നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ് എന്നിവയാണ് മുഖസൗന്ദര്യമേകുന്നത്. എല്‍.ഇ.ഡിയിലാണ് ടെയ്ല്‍ലാമ്പും ഒരുങ്ങിട്ടുള്ളത്. രണ്ട് ലൈറ്റുകളെ ബന്ധിപ്പിച്ച എല്‍.ഇ.ഡി. സ്ട്രിപ്പും പിന്‍വശത്തിന് അഴകേകും. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം തെളിയിക്കുന്ന ഓള്‍ ഗ്രിപ്പ് ബാഡ്ജിങ്ങും ഹൈബ്രിഡ് സാങ്കേതികവിദ്യ തെളിയിക്കുന്ന ഹൈബ്രിഡ് ബാഡ്ജിങ്ങും പിന്‍ഭാഗത്തുണ്ട്.സാങ്കേതിക തികവോടെയാണ് ഗ്രാന്റ് വിത്താരയുടെ അകത്തളം ഒരുങ്ങിയിട്ടുള്ളത്. സുസുക്കി കണക്ട് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഒമ്പത് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, സ്മാര്‍ട്ട് ഹൈബ്രിഡ് മോഡലില്‍ അനലോഗും സ്‌ട്രോങ്ങ് ഹൈബ്രിഡില്‍ ഫുള്‍ ഡിജിറ്റലുമായിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രിക് മോഡും ഡ്രൈവ് മോഡും സെലക്ട് ചെയ്യുന്നതിനുള്ള സംവിധാനം, മികച്ച സ്‌പെയിസ് എന്നിവയാണ് ഗ്രാന്റ് വിത്താരയുടെ അകത്തളത്തിലുള്ളത്.4345 എം.എം. നീളം, 1645 എം.എം. ഉയരം 1795 എം.എം. വീതി, 2600 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ വലിപ്പം.

ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള എസ്.യു.വി. എന്ന വിശേഷണമാണ് മാരുതി ഗ്രാന്റ് വിത്താരയ്ക്ക് നല്‍കിയിരിക്കുന്നത്. 27.97 കിലോ മീറ്റര്‍/ ലിറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ടൊയോട്ടയുടെ 1.5 ലിറ്റര്‍ അറ്റകിസണ്‍ സൈക്കിള്‍ എന്‍ജിനാണ് സ്‌ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നല്‍കുന്നത്. ഈ എന്‍ജിന്‍ 92 ബി.എച്ച്.പി. പവറും 122 എന്‍.എം. ടോര്‍ക്കും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ 79 ബി.എച്ച്.പി. പവറും 141 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 177.6 വാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതിലുള്ളത്.മൈല്‍ഡ് ഹൈബ്രിഡ് മോഡലില്‍ മാരുതിയുടെ 1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 103 ബി.എച്ച്.പി. പവറും 137 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സുസുക്കി ഡിസൈനിന്റെയും എന്‍ജിനിയറിങ്ങിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, ഐതിഹാസിക എസ്.യു.വികളുടെ കരുത്തും പാരമ്പര്യവും സമന്വയിപ്പിച്ചെത്തുന്ന വാഹനമാണ് ഗ്രാന്റ് വിത്താരയെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.

Related Articles

Back to top button