Tech
Trending

ഗ്രൂപ്പ് വിഡിയോ കോളിൽ 30 പേർക്ക് പങ്കെടുക്കാം, വാട്സാപിന് വെല്ലുവിളിയുമായി ടെലഗ്രാം

ഒരു വർഷത്തോളമായി കാത്തിരിക്കുന്ന അപ്ഡേഷനുമായി ടെലഗ്രാം രംഗത്ത്. കോവിഡിന്റെ ആദ്യതരംഗ സമയത്തു തന്നെ ടെലഗ്രാം വിഡിയോ ചാറ്റിങ്ങിൽ ഗ്രൂപ്പ് ചാറ്റിങ് അപ്ഡേഷൻ കൊണ്ടുവരുന്നതായി പ്രഖ്യാപനം നടത്തിയിരുന്നു. പ്രഖ്യാപനം വന്നെങ്കിലും ഇപ്പോഴാണ് ആപ്പിൽ അപ്ഡേഷൻ വരുത്തിയത്.ടെലഗ്രാമിന്റെ പുതിയ അപ്ഡേഷൻ വരുത്തുന്നതിലൂടെ പുതിയ അനേകം ഫീച്ചറുകളാണ് ഒരുമിച്ച് ലഭിക്കുക. ഗ്രൂപ് ഓഡിയോ ചാറ്റിനു പുറമേ വിഡിയോ കോൺഫറൻസ് സൗകര്യമാണ് പുതിയതായി ലഭിക്കുന്ന പ്രധാന സൗകര്യം.ഇന്റർഫേസ് ഉൾപ്പെടെയാണ് മാറ്റം വരുത്തിയിരിക്കുന്നത്. അനിമേറ്റഡ് ബാക് ഗ്രൗണ്ട്, മെസേജ് സെന്റിങ് ആനിമേഷൻ, അനിമേറ്റഡ് ഇമോജികൾ തുടങ്ങിയവയും പുതിയ അപ്ഡേഷന്റെ ഭാഗമായി ടെലഗ്രാം അവതരിപ്പിക്കുന്നു. കൂടാതെ ബോട്ട് ചാറ്റുകൾക്ക് പ്രത്യേക മെനുവും ഉൾപ്പെടുത്തിയിട്ടുണ്ട്.ടെലഗ്രാമിന്റെ ഫോൺ, ടാബ്ലറ്റ്, പിസി പ്ലാറ്റ്ഫോമുകളിൽ ഈ സൗകര്യം ലഭ്യമാകും.


ഏറ്റവും പ്രധാനമായ മാറ്റം വിഡിയോ കോൺഫറൻസ് സൗകര്യം തന്നെയാണ്. ഗ്രൂപ്പ് ഓഡിയോ കോൺവർസേഷനുകൾ വിഡിയോ കോൺഫറൻസുകളാക്കി മാറ്റാൻ ഇതോടെ ടെലഗ്രാം അവസരം നൽകുകയാണ്. ഗ്രൂപ്പ് ഓഡിയോ കോളിൽ ആയിരിക്കുമ്പോൾ തന്നെ ക്യാമറ ഓണാക്കുകയേ വേണ്ടൂ. ഇതിനുള്ള ബട്ടൺ പുതിയ അപ്ഡേഷനിലുണ്ട്. ഇങ്ങനെ ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാൽ ചർച്ചയിലുണ്ടാകേണ്ടവരെയും കാണേണ്ടവരെയും നമുക്ക് പിൻ ചെയ്തു വയ്ക്കാം. സ്ക്രീൻ ഷെയർ ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. ടാബ്ലറ്റിലും പിസിയിലും ആപ് ഉപയോഗിക്കുന്നവർക്ക് സ്പ്ലിറ്റ് സ്ക്രീൻ ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. ഇതുവഴി മറ്റ് ജോലികളും ഒരേസമയം ചെയ്യാനാകും. സ്പ്ലിറ്റ് സ്ക്രീനിൽ ഒരു ഭാഗത്ത് വിഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നവരെ ഗ്രിഡ് ആയി കാണാനാകും. ഇത് പോർടറൈറ്റ് ആയോ ലാൻഡ്സ് കേപ് മോഡിലോ പ്രവർത്തിപ്പിക്കാനുമാകും. പിസി ഉപഭോക്താക്കൾക്കായി സെലക്ടീവ് സ്ക്രീൻ ഷെയറിങ് സൗകര്യവും പ്രത്യേകമുണ്ട്. അതായത് ഇൻഡിവിജ്വൽ പ്രോഗ്രാം ഷെയറിങ് എന്ന രീതിയിൽ സ്ക്രീൻ ഷെയർ ചെയ്യാനാകും. സൂമിൽ ഉപയോഗിക്കുന്ന സമാനരീതിയിലാണ് ഇതും.ഗ്രൂപ് വോയ്സ് കോളിൽ അംഗങ്ങളെ പരിമിതപ്പെടുത്തിയിട്ടില്ലെങ്കിലും വിഡിയോ കോൺഫറൻസിൽ 30 പേർക്കാണ് പരമാവധി പങ്കെടുക്കാനാകുക. എന്നാൽ ഇത് മറ്റു മെസെഞ്ചർ ആപ്പുകളേക്കാൾ വളരെ അധികമാണ് എന്നത് ടെലഗ്രാമിന് ഗുണം ചെയ്യും. ഈ പരിമിതിയും ഉടൻ പരിഹരിക്കുമെന്നാണ് ടെലഗ്രാം വ്യക്തമാക്കിയിട്ടുള്ളത്.

Related Articles

Back to top button