
ടിയാഗോ ഇലക്ട്രിക്കിന്റെ വില വർധിപ്പിച്ച് ടാറ്റ.എല്ലാ മോഡലുകൾക്കും 20000 രൂപ വരെയാണ് ടാറ്റ വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ അടിസ്ഥാന വകഭേദത്തിന്റെ വില 8.69 ലക്ഷം രൂപയായി മാറി. വിവിധ വകഭേദങ്ങളിലായി 8.69 ലക്ഷം രൂപ മുതൽ 11.99 ലക്ഷം രൂപ വരെയാണ് ടിയാഗോ ഇലക്ട്രിക്കിന്റെ എക്സ്ഷോറൂം വില. ഏഴ് വിവിധ മോഡലുകളിലാണ് വാഹനം ലഭ്യമാകുന്നത്. ടാറ്റയുടെ സിപ്രോൺ ടെക്നോളജിയാണ് ടിയാഗോയുടെയും അടിസ്ഥാനം. രണ്ട് ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത്തിൽ എത്താൻ 5.7 സെക്കൻഡ് മാത്രം മതി. 24kW ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഡിസി ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ വെറും 57 മിനിറ്റ് മാത്രം മതി. ബാറ്ററിക്കും മോട്ടറിനും ടാറ്റ 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്ററാണ് വാറണ്ടി നൽകുന്നത്. 8 സ്പീക്കർ ഹർമൻ സൗണ്ട് സിസ്റ്റം റെയിൻ സെൻസറിങ് വൈപ്പർ കണക്ടഡ് കാർ ടെക്നോളജി എന്നിവ വാഹനത്തിൽ ഉണ്ട്.19.2 kWH, 24 kWH എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഒാപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 24kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റർ റേഞ്ചും 19.2 kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്.