Auto
Trending

രണ്ടാം അങ്കത്തിനിറങ്ങാനൊരുങ്ങി ഒല ഇലക്ട്രിക് സ്‌കൂട്ടര്‍

രണ്ട് വേരിയന്റുകളുമായെത്തി ബുക്കിങ്ങിലും വിൽപ്പനയിലും വിതരണത്തിലും റെക്കോഡുകൾ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന ഒലയുടെ രണ്ടാംഘട്ട വിൽപ്പന ആരംഭിക്കുന്നതിന്റെ തീയതി പ്രഖ്യാപിച്ചു. ഡിസംബർ 16-ന് ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ പർച്ചേസ് വിൻഡോ വീണ്ടും തുറക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിട്ടുള്ളത്. ബുക്കിങ്ങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.എസ് വൺ, എസ് വൺ പ്രോ എന്നീ രണ്ട് വേരിയന്റുകളുമായി ഓഗസ്റ്റ് 15-ാം തിയതിയാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ അവതരിപ്പിച്ചത്. എസ് വൺ എന്ന അടിസ്ഥാന മോഡലിന് 99,999 രൂപയും ഉയർന്ന വകഭേദമായ എസ് വൺ പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ച് 48 മണിക്കൂറിൽ ഒരു ലക്ഷം ബുക്കിങ്ങുകൾ ലഭിച്ചതാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടറിന്റെ പേരിൽ കുറിച്ച ആദ്യ റെക്കോഡ്.പിന്നീട് വിൽപ്പനയിലും സമാനമായ റെക്കോഡ് സൃഷ്ടിക്കാൻ ഒലയുടെ ഇലക്ട്രിക് സ്കൂട്ടറിന് സാധിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ പർച്ചേസ് വിൻഡോ തുറന്നതോടെ രണ്ട് ദിവസത്തെ വിൽപ്പനയിലൂടെ 1100 കോടി രൂപയാണ് ഒലയുടെ പെട്ടിയിൽ വീണത്. ഇന്ത്യൻ നിരത്തുകളിൽ ഏഥർ 450, ബജാജ് ചേതക് ഇലക്ട്രിക്, ടി.വി.എസ്. ഐ-ക്യൂബ് തുടങ്ങിയ ഇലക്ട്രിക് കരുത്തരുമായാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ മത്സരിക്കാനെത്തിയിട്ടുള്ളത്.ഒല ഇലക്ട്രിക് സ്കൂട്ടറിലെ അടിസ്ഥാന വകഭേദമായ എസ്-1 അഞ്ച് നിറങ്ങളിൽ വിപണിയിൽ എത്തുമ്പോൾ ഉയർന്ന വകഭേദമായ എസ്-1 പ്രോ പത്ത് നിറങ്ങളിൽ എത്തുന്നുണ്ട്. ഒക്ടാ-കോർ പ്രോസസർ, 3ജി.ബി. റാം, 4ജി ഹൈസ്പീഡ് കണക്ടിവിറ്റി, ബ്ലുടൂത്ത് തുടങ്ങിയ സംവിധാനങ്ങളുള്ള സ്മാർട്ട് വെഹിക്കിൾ കൺട്രോൾ യൂണിറ്റ് ഈ സ്കൂട്ടറിൽ നൽകിയിട്ടുണ്ട്. റിവേഴ്സ് പാർക്ക് അസിസ്റ്റൻസ്, ക്രൂയിസ് കൺട്രോൾ എന്നിവയും ഇതിൽ നൽകിയിട്ടുണ്ട്.ഫാസ്റ്റ് ചാർജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളിൽ 75 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് നിറയുമെന്നതാണ് എസ്-1, എസ്-1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ പ്രധാന പ്രത്യേകതകളിലൊന്ന്. സാധാരണ ഹോം ചാർജർ ഉപയോഗിച്ച് എസ്-1 വേരിയന്റ് 4.48 മണിക്കൂറിൽ 100 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും. അതേസമയം, എസ്-1 പ്രോ പൂർണമായും ചാർജ് നിറയാൻ 6.30 മണിക്കൂറാണ് എടുക്കുന്നത്.8.5 കിലോവാട്ട് പവറും 58 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം.

Related Articles

Back to top button