Auto
Trending

സോണിയുടെ ഇലക്ട്രിക് എസ്.യു.വി. വിഷന്‍-എസ് 02 വരുന്നു

ഇലക്ട്രോണിക്സ് നിർമാണ കമ്പനികളിൽ വാഹനങ്ങളുടെ നിർമാണം പ്രഖ്യാപിച്ച ആദ്യ കമ്പനികളിൽ ഒന്നാണ് ജാപ്പനീസ് കമ്പനിയായ സോണി. 2020-ൽ ലാസ് വെഗസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ ഡ്രൈവർലെസ് ഇലക്ട്രിക് വാഹനമായ വിഷൻ-എസിന്റെ കൺസെപ്റ്റും സോണി അവതരിപ്പിച്ചിരുന്നു. രണ്ട് വർഷങ്ങൾക്കിപ്പുറം ഇതേ വേദിയിൽ ഒരു ഇലക്ട്രിക് എസ്.യു.വിയുമായി വീണ്ടും എത്തിയിരിക്കുകയാണ് സാങ്കേതികവിദ്യയിലെ അതികായരായ ഈ കമ്പനി.വിഷൻ-എസ് 02 എന്ന പേരിലാണ് സോണിയുടെ പുതിയ ഇലക്ട്രിക് എസ്.യു.വി. 2022 സി.ഇ.എസ്. വേദിയിൽ എത്തിയത്. ഇലക്ട്രിക് വാഹനങ്ങളുടെ കൺസെപ്റ്റുകൾ പ്രദർശിപ്പിച്ചതോടെ ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിലേക്ക് ചുവടുവയ്ക്കുമെന്നാണ് പ്രഖ്യാപിക്കുകയാണ് സോണി. ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിനും വിപണനത്തിനായുമായി സോണി മൊബിലിറ്റി എന്ന പുതിയ കമ്പനി ആരംഭിക്കുമെന്നാണ് സോണിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്.2020-ൽ സോണി എത്തിച്ച സെഡാൻ മോഡലായ വിഷൻ-എസിന്റെ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഏഴ് സീറ്റർ എസ്.യു.വിയായ വിഷൻ-എസ് 02-വും ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. ഓരോ ആക്സിലിലും ഒരോന്ന് വീതം നൽകി ഡ്യുവൽ ഇലക്ട്രിക് മോട്ടോറായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. ഒരോ മോട്ടോറും 270 ബി.എച്ച്.പി. പവർ വീതം ഉത്പാദിപ്പിക്കുമെന്നാണ് വിവരം. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച പെർഫോമെൻസ് ഉറപ്പാക്കുന്ന വാഹനവുമായിരിക്കും ഇത്.സാധാരണ വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി നിരവധി സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെയായിരിക്കും ഈ വാഹനത്തിന്റെ അകത്തളം ഒരുങ്ങുക. പനോരമിക് ഇൻഫോടെയ്ൻമെന്റ് ഇന്റർഫേസ്. 3ഡി ഓഡിയോ എക്സ്പീരിയൻസ് നൽകുന്നതിനായി സീറ്റുകളിൽ നൽകുന്ന സ്പീക്കറുകൾ, ഗെയിമിങ്ങിനായി സോണിയുടെ പ്ലേസ്റ്റേഷനുമായി കണക്ട് ചെയ്യാൻ സാധിക്കുന്ന റിയർ ഡിസ്പ്ലേകൾ തുടങ്ങിയവയായിരിക്കും ഈ വാഹനത്തിന്റെ അകത്തളത്തിന്റെ സവിശേഷതകൾ.ലെവൽ 2 പ്ലസ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനമാണ് ഈ വാഹനത്തിൽ പ്രധാനമായും സുരക്ഷ ഉറപ്പാക്കുന്നത്. ഇതിനൊപ്പം മറ്റ് സുരക്ഷ സംവിധാനങ്ങളും ഇതിൽ ഒരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിൽ ഉപയോഗിച്ചിട്ടുള്ള ബാറ്ററി, ഒറ്റത്തവണ ചാർജ് ചെയ്താൽ പിന്നിടാൻ സാധിക്കുന്ന ദൂരം, പരമാവധി വേഗത തുടങ്ങിയ വിവരങ്ങൾ നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഈ വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത എടുക്കാൻ സാധിച്ചേക്കുമെന്നാണ് സൂചന. 4895 എം.എം. നീളവും 1930 എം.എം. വീതിയും 1651 എം.എം. ഉയരത്തിലുമാണ് സോണിയുടെ വിഷൻ-എസ് 02 ഇലക്ട്രിക് എസ്.യു.വി. ഒരുങ്ങിയിട്ടുള്ളത്.സോണി ആദ്യം പുറത്തിറക്കിയ കൺസെപ്റ്റ് മോഡലും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായതായിരുന്നു. ഇതിനൊപ്പം വെറും 4.8 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത എടുക്കാൻ സാധിക്കുന്നതും സോണി വിഷൻ-എസിന്റെ സവിശേഷതയായി വിശേഷിപ്പിച്ചിരുന്നു.

Related Articles

Back to top button