Auto
Trending

റെനോ ഡസ്റ്റര്‍ ഉത്പാദനം നിര്‍ത്തുമെന്ന്‌ സൂചന

ഹാച്ച്ബാക്ക്, സെഡാൻ, എസ്.യു.വി. എന്നീ മൂന്ന് ശ്രേണികളിൽ മാത്രം വാഹനമെത്തിയിരുന്ന ഇന്ത്യയിലേക്ക് എസ്.യു.വിയെക്കാൾ അൽപ്പം ചെറുതും ഹാച്ച്ബാക്കിനെക്കാൾ അൽപ്പം വലുതുമായ കോംപാക്ട് എസ്.യു.വി. എന്ന സെഗ്മെന്റിന്റെ തുടക്കക്കാരിൽ ഒന്നാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ ഡസ്റ്റർ. ഇന്ത്യൻ വാഹന വിപണിയിൽ പുത്തൻ ശ്രേണിക്ക് തുടക്കമിട്ട ഈ വാഹനത്തിന്റെ നിലവിലെ മോഡലിന്റെ നിർമാണം കമ്പനി അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്.നിലവിൽ ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവുമധികം മത്സരം നടക്കുന്ന ശ്രേണിയിലാണ് ഡസ്റ്ററുമുള്ളത്. പലപ്പോഴായുള്ള മുഖം മിനിക്കലിലൂടെ എതിരാളികൾക്ക് ഒപ്പം നിൽക്കുന്ന മികച്ച ഡിസൈനിങ്ങ്, പുതുതലമുറ ഫീച്ചറുകൾ, ഉയർന്ന കരുത്ത് എന്നിവ ഡസ്റ്റർ എസ്.യു.വിയും ആർജിച്ചിട്ടുണ്ട്. എന്നാൽ, കോംപാക്ട് എസ്.യു.വി. ശ്രേണിയിൽ റെനോയുടെ തന്നെ കൈഗർ എന്ന മോഡൽ കൂടി എത്തിയതോടെ ഡസ്റ്ററിന്റെ സ്വീകാര്യത കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്ന എസ്.യു.വി. എന്ന ലേബലിലാണ് കൈഗർ എത്തിയത്. ഇതോടെ ചുരുങ്ങിയ കാലംകൊണ്ട് റെനോയുടെ ബെസ്റ്റ് സെല്ലിങ്ങ് മോഡൽ എന്ന സ്ഥാനം കൈഗറിനായി. ഇതോടെയാണ് ഡസ്റ്റർ എസ്.യു.വിയുടെ ഉത്പാദനം താത്കാലികമായി അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. വിൽപ്പനയിലും എതിരാളികളെ അപേക്ഷിച്ച് ഡസ്റ്ററിന് കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തലുകൾ.2012-ലാണ് ഡസ്റ്റർ എന്ന എസ്.യു.വി. ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ആഗോള നിരത്തുകളിൽ 2017-ൽ രണ്ടാം തലമുറ മോഡൽ എത്തിയെങ്കിലും ഇന്ത്യയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒന്നാം തലമുറ മോഡലാണ് എത്തുന്നത്. അതേസമയം, പലപ്പോഴായി ഡസ്റ്റർ മുഖം മിനുക്കലിന് വിധേയമായിട്ടുണ്ട്. 2019-ലാണ് ഇന്ത്യയിലെ ഡസ്റ്റർ അവസാനമായി മുഖംമിനുക്കൽ നടത്തിയത്. 2020-ൽ ഡസ്റ്റർ നിരയിലുണ്ടായിരുന്ന ഡിസൽ മോഡൽ പിൻവലിക്കുകയും 1.5 ലിറ്റർ ബി.എസ്.6 പെട്രോൾ എൻജിനിൽ മാത്രം ഈ വാഹനം നിരത്തുകളിൽ എത്തുകയും ചെയ്തു. ഏറെ വൈകാതെ ഡസ്റ്ററിന്റെ 1.3 ലിറ്റർ ടർബോ പെട്രോൾ എൻജിൻ മോഡലും ഇന്ത്യൻ നിരത്തുകളിൽ അവതരിപ്പിക്കുകയായിരുന്നു. 1.3 ലിറ്റർ ടർബോ എൻജിനൊപ്പം സി.വി.ടി. ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകിയാണ് ഈ മോഡൽ എത്തിയത്.

Related Articles

Back to top button