Auto
Trending

ടൊയോട്ടയുടെ ഹൈഡ്രജന്‍ ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധനസെല്‍ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് കാര്‍ ടൊയോട്ട മിറായ് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കി. ഒറ്റ ചാര്‍ജില്‍ 650 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാവുന്ന വാഹനം നിര്‍മിച്ചത് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറാണ്. ചാര്‍ജ് ചെയ്യാന്‍ അഞ്ചുമിനിറ്റ് മതി. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി (ICAT)യുടെ ഭാഗമായാണ് ഈ വാഹനം അവതരിപ്പിച്ചിരിക്കുന്നത്.ഹൈഡ്രജന്‍ ഇന്ധനമായാണ് മിറായ് പ്രവര്‍ത്തിക്കുന്നത്. ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാണ് ഈ വാഹനത്തിന്റെ ഓട്ടം. ഹൈ പ്രഷര്‍ ഹൈഡ്രജന്‍ ഫ്യുവല്‍ ടാങ്കാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. സാധാരണ ഇലക്ട്രിക് വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ 30 മടങ്ങ് വലിപ്പം കുറഞ്ഞ ബാറ്ററിയാണ് ഈ വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. സാധാരണ ഫോസില്‍ ഫ്യുവല്‍ കാറുകള്‍ പോലെ കുറഞ്ഞ സയമത്തില്‍ ഹൈഡ്രജന്‍ റീഫില്‍ ചെയ്യാന്‍ സാധിക്കും.രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. തീര്‍ത്തും പരിസ്ഥിതിസൗഹൃദ വാഹനമാണിത്. എക്‌സ്‌ഹോസ്റ്റ് പൈപ്പിലൂടെ വെള്ളമല്ലാതെ മറ്റൊന്നും പുറത്തുവിടുന്നില്ല. ഹൈഡ്രജന്‍ ഇന്ധന സെല്‍ ബാറ്ററി പാക്കുകളാണ് ടൊയോട്ട മിറായിക്ക് ശക്തിപകരുന്നത്. ഹൈഡ്രജന്‍ ഇന്ധന വാഹനങ്ങള്‍ ഇന്ത്യയിലെ റോഡുകളിലും കാലാവസ്ഥയിലും ഉപയോഗിക്കുന്നത് സംബന്ധിച്ച് ഐ.സി.എ.ടിയുമായി ചേര്‍ന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പഠനംനടത്തുന്നുണ്ട്.എന്നാല്‍, ഈ വാഹനത്തിന്റെ വില സംബന്ധിച്ച വെളിപ്പെടുത്തല്‍ ടൊയോട്ട നടത്തിയിട്ടില്ല. ഇത് പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന കാര്യത്തിലും നിര്‍മാതാക്കള്‍ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.2019-ലെ ടോക്യോ മോട്ടോര്‍ ഷോയിലാണ് രണ്ടാം തലമുറ മിറായ് പ്രദര്‍ശനത്തിനെത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് രാജ്യാന്തര വിപണികളില്‍ എത്തിയിരുന്നു. 48,000 ഡോളറാണ് മിറായിയുടെ വിദേശ വിപണിയിലെ വില. അതേസമയം, കര്‍ണാടകയിലെ ടൊയോട്ടയുടെ പ്ലാന്റിലായിരിക്കും ഇന്ത്യയിലേക്കുള്ള വാഹനങ്ങള്‍ നിര്‍മിക്കുക. 2015-ലാണ് ടൊയോട്ട മിറായിയുടെ ആദ്യ തലമുറ മോഡല്‍ അവതരിപ്പിക്കുന്നത്.മോഡുലാര്‍ TNGA പ്ലാറ്റ്‌ഫോമിലാണ് മിറായ് ഒരുങ്ങിയിരിക്കുന്നത്. സ്വപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പ്, വീതിയേറിയ ഗ്രില്‍, സ്പ്ലിറ്റ് ടെയില്‍ ലാമ്പ്, 20 ഇഞ്ച് അലോയി വീല്‍, കൂപ്പെയ്ക്ക് സമാനമായ റൂഫ് എന്നിവയാണ് മിറായിയുടെ രണ്ടാം തലമുറ മോഡലിനെ ആദ്യ പതിപ്പില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. വലിപ്പത്തിലും മുന്‍മോഡലിനെക്കാള്‍ മുമ്പന്തിയിലാണ് ഇപ്പോള്‍ വിപണിയിലുള്ള മിറായ്. 4975 എംഎം നീളവും 1885 എംഎം വീതിയും 1470 എംഎം ഉയരവും 2920 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.

Related Articles

Back to top button