
പുത്തൻ എൻട്രി ലെവൽ സി സീരീസ് സ്മാർട് ഫോൺ നോക്കിയ സി12 പുറത്തിറങ്ങി. നോക്കിയ സി12 ഉടൻ തന്നെ ജർമനിയിലും ഓസ്ട്രിയയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ലഭ്യമാകുമെന്ന് കമ്പനി പറയുന്നു. എന്നാൽ, ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിൽ ഹാൻഡ്സെറ്റിന്റെ ലഭ്യത സംബന്ധിച്ച് നോക്കിയ ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല. 119 യൂറായാണ് (ഏകദേശം 10,500 രൂപ) നോക്കിയ സി12 ന്റെ വില. 2 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വിലയാണിത്. ചാർക്കോൾ, ഡാർക്ക് സിയാൻ, ലൈറ്റ് മിന്റ് നിറങ്ങളിലാണ് ഹാൻഡ്സെറ്റ് വരുന്നത്.20:9 ആസ്പെക്റ്റ് റേഷ്യോയുള്ള 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട് ഫോണിന്റെ സവിശേഷത. 2 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാ-കോർ യുണിസോക്ക് 9863 എ1 ആണ് പ്രോസസർ. ആൻഡ്രോയിഡ് 12 (Go Edition) ലാണ് സി12 പ്രവർത്തിക്കുന്നത്. ഈ ഹാൻഡ്സെറ്റിന് 2 വർഷം വരെ സുരക്ഷാ അപ്ഡേറ്റുകൾ നൽകുമെന്നും കമ്പനി പറയുന്നു. എൽഇഡി ഫ്ലാഷോടുകൂടിയ 8 മെഗാപിക്സൽ ഫിക്സഡ് ഫോക്കസ് റിയർ ക്യാമറയാണ് നോക്കിയ സി12 ലുള്ളത്. മുൻവശത്ത് 5 മെഗാപിക്സൽ ഫിക്സഡ് ഫോക്കസ് ക്യാമറയും ഉണ്ട്. നൈറ്റ് മോഡ്, പോർട്രെയിറ്റ് മോഡ്, ഓട്ടോ എച്ച്ഡിആർ, ടൈംലാപ്സ് തുടങ്ങിയ ഇമേജിങ് ഫീച്ചറുകളും സി12 വാഗ്ദാനം ചെയ്യുന്നു.5W വയർഡ് ചാർജിങ് ശേഷിയുള്ള 3,000 എംഎഎച്ച് ആണ് ബാറ്ററി.