Big B
Trending

റെക്കോഡ് കുറിച്ച് എംആർഎഫ്

രാജ്യത്തെ വിപണിയില്‍ ഇതാദ്യമായി ഒരു കമ്പനിയുടെ ഓഹരി വില ഒരു ലക്ഷം രൂപ കടന്നു. ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫാണ് നാഴികക്കല്ല് പിന്നിട്ടത്. ഇന്ന് വ്യാപാരത്തിനിടെ എംആര്‍എഫിന്റെ ഓഹരി വില 1.37 ശതമാനം ഉയര്‍ന്ന് 1,00,300 രൂപയിലെത്തി. ലിസ്റ്റ് ചെയ്തതിനുശേഷം ഇതുവരെ സ്റ്റോക്ക് വിഭജിക്കാതിരുന്നതുകൊണ്ടാണ് എംആര്‍എഫിന്റെ ഓഹരി വില ഒരു ലക്ഷം രൂപ കടന്നത്. വിപണിയില്‍ ഇടപാട് വര്‍ധിപ്പിച്ച് ലിക്വിഡിറ്റി ഉറപ്പാക്കാനായി കമ്പനികള്‍ കാലാകാലങ്ങളില്‍ ഓഹരി വിഭജനം നടത്താറുണ്ട്. ഇതോടെ ഓഹരിയൊന്നിന് ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കമ്പനിയായി എംആര്‍എഫ്. 41,152 നിലവാരത്തില്‍ വ്യാപാരം നടക്കുന്ന ഹണിവെല്‍ ഓട്ടോമേഷനാണ് പട്ടികയില്‍ രണ്ടാമത്. പേജ് ഇന്‍ഡസ്ട്രീസ്, ശ്രീ സിമെന്റ്, 3എം ഇന്ത്യ, അബോട്ട് ഇന്ത്യ, നെസ്‌ലെ, ബോഷ് എന്നവയാണ് ഉയര്‍ന്ന ഓഹരി വിലയുള്ള മറ്റ് കമ്പനികള്‍. ഉയര്‍ന്ന വിലയുള്ളതിനാല്‍ ചെറുകിട നിക്ഷേപകരില്‍ ഭൂരിഭാഗവും ഓഹരി വാങ്ങുന്നതില്‍നിന്ന് മാറിനില്‍ക്കാറാണ് പതിവ്. 40,000ത്തോളം ചെറുകിടക്കാര്‍ മാത്രമാണ് എംആർഎഫിൻ്റെ ഓഹരിയില്‍ നിക്ഷേപിച്ചിട്ടുള്ളത്. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 175 രൂപയാണ് ലാഭവിഹിതം നല്‍കിയത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മൊത്തം ഓഹരികളുടെ എണ്ണം 42,41,143 ആണ്. ഇതില്‍ 72.16 ശതമാനം(30,60,312 ഓഹരികള്‍) പൊതു ഉടമസ്ഥതയിലുള്ളതാണ്.

Related Articles

Back to top button