Auto
Trending

ആസ്റ്ററിന്റെ വില പ്രഖ്യാപിച്ച് എം.ജി.

എം.ജി. മോട്ടോഴ്സ് ഏറ്റവുമൊടുവിൽ ഇന്ത്യൻ നിരത്തുകളിൽ അവതരിപ്പിച്ച ആസ്റ്റർ എസ്.യു.വിയുടെ വില പ്രഖ്യാപിച്ചു. അടിസ്ഥാന വേരിയന്റായ വി.ടി.ഐ-ടെക് വേരിയന്റിന് 9.78 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഉയർന്ന വകഭേദമായ ഷാർപ്പ് വേരിയന്റിന് 16.78 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. എം.ജി. മോട്ടോഴ്സ് മുമ്പ് വിപണിയിൽ എത്തിച്ച ഇലക്ട്രിക് മോഡലായ ZS-ന്റെ പെട്രോൾ എൻജിൻ മോഡലായാണ് ആസ്റ്റർ എസ്.യു.വി. എത്തിയിട്ടുള്ളത്.ഓട്ടോണമസ് ലെവൽ-2 സാങ്കേതികവിദ്യയുമായാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ഇതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റിലിജെൻസ് സംവിധാനത്തിന്റെ അകമ്പടിയും ആസ്റ്റർ എസ്.യു.വിയെ എതിരാളികളിൽ നിന്ന് വ്യത്യസ്തമാക്കുന്നുണ്ട്. എം.ജിയുടെ വാഹനനിരയിൽ ഹെക്ടർ എസ്.യു.വിയുടെ താഴെയായിരിക്കും ആസ്റ്ററിന്റെ സ്ഥാനമെന്നാണ് എം.ജി, അറിയിച്ചത്.ഇലക്ട്രിക് മോഡലായ ZS-ന്റെ പെട്രോൾ പതിപ്പെന്ന വിശേഷണം ശരിവെക്കുന്ന രൂപമാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്.

അതേസമയം, ഗ്രില്ലിന്റെ ഘടനയിൽ വരുത്തിയിട്ടുള്ള മാറ്റം ശ്രദ്ധേയമാണ്. സെഗ്മെന്റിൽ ആദ്യമായി ഹീറ്റഡ് വിങ്ങ് മിററുകളും ബ്ലൂടൂത്ത് ടെക്നോളജിയുള്ള ഡിജിറ്റൽ കീയും ഇതിൽ നൽകിയിട്ടുണ്ട്. ഷാർപ്പ് ഡിസൈനിലുള്ള ഹെഡ്ലാമ്പ്, എൽ.ഇ.ഡി.ഡി.ആർ.എൽ, പുതിയ ഡിസൈനിലുള്ള ബമ്പർ തുടങ്ങിയവ ഈ വാഹനത്തിലെ ഡിസൈൻ മാറ്റങ്ങളാണ്.അകത്തളം പൂർണമായും ZS ഇലക്ട്രിക്കിൽ നിന്ന് കടംകൊണ്ടതാണ്. 10.1 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഏഴ് ഇഞ്ച് വലിപ്പമുള്ള ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ എന്നിവ അകത്തളത്തിൽ ഒരുങ്ങുന്നുണ്ട്. 35 ഹിഗ്ലീഷ് കമാന്റുകൾ തിരിച്ചറിയാൻ സാധിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് സംവിധാനമാണ് ആസ്റ്ററിൽ നൽകിയിട്ടുള്ളത്. വിക്കിപീഡിയ, കോമഡികൾ, ഓൺലൈൻ മ്യൂസിക് സ്ട്രീം, നാവിഗേഷൻ തുടങ്ങി 80 ഇന്റർനെറ്റ് ഫീച്ചറുകളും ആസ്റ്ററിൽ നൽകുന്നുണ്ട്.ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി റിലയിൻസ് ജിയോയുടെ പങ്കാളിത്തത്തോടെയാണ് ആസ്റ്റർ എസ്.യു.വിയെ കണക്ടഡ് കാറാക്കി മാറ്റിയിട്ടുള്ളത്. ജിയോയുടെ 4ജി ഇന്റർനെറ്റ് കണക്ടിവിറ്റിയാണ് ആസ്റ്ററിൽ നൽകിയിട്ടുള്ളത്. ഇത് അതിവേഗ ഇൻ-കാർ കണക്ടിവിറ്റിയാണ് നൽകുന്നത്. ജിയോ കണക്ടിവിറ്റിയുടെ സഹായത്തോടെ വാഹനത്തിനുള്ളിൽ ലൈവ് ഇൻഫോടെയ്ൻമെന്റ്, ടെലിമാറ്റിക്സ് ഇ-സിം, ഐ.ഒ.ടി. ടെക് തുടങ്ങിയ സംവിധാനങ്ങളും ഈ വാഹനത്തിനുള്ളിൽ ഒരുക്കുന്നുണ്ട്.138 ബി.എച്ച്.പി. പവറും 220 എൻ.എം. ടോർക്കുമേകുന്ന 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ആസ്റ്ററിന് കരുത്തേകുന്ന ഒരു എൻജിൻ. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ട്രാൻസ്മിഷൻ ഒരുക്കും. 108 ബി.എച്ച്.പി. പവറും 144 എൻ.എം. ടോർക്കുമേകുന്ന 1.5 ലിറ്റർ പെട്രോൾ എൻജിനിലും ആസ്റ്റർ എത്തും.

Related Articles

Back to top button