Auto
Trending

ബൊലേനൊ, വിത്താര ബ്രെസ എന്നിവയ്ക്ക് പിന്നാലെ മൂന്നാം മോഡലിന്റെ പേര് രജിസ്റ്റര്‍ ചെയ്ത് ടൊയോട്ട

ബൊലേനൊ, വിത്താര ബ്രെസ എന്നീ വാഹനങ്ങൾക്ക് പിന്നാലെ മാരുതിയുടെ എം.പി.വി.മോഡലായ എർട്ടിഗയും ടൊയോട്ടയുടെ പാളയത്തിലേക്ക് ചേക്കേറുകയാണ്. റൂമിയൻ എന്ന പേര് സ്വീകരിച്ചാണ് ഈ വാഹനം ആഫ്രിക്കൻ വിപണിയിൽ എത്തിയത്. പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലും ഈ വാഹനത്തിന് റൂമിയൻ എന്ന പേര് ടൊയോട്ട രജിസ്റ്റർ ചെയ്ത് കഴിഞ്ഞു.ടൊയോട്ടയുടെ മേൽവിലാസം സ്വീകരിച്ച എർട്ടിഗ അടുത്തിടെ സൗത്ത് ആഫ്രിക്കയിൽ എത്തിയിരുന്നു. മാരുതി-ടൊയോട്ട കൂട്ടുകെട്ടിന്റെ ഭാഗമായി ടൊയോട്ടയുടെ ബാഡ്ജിങ്ങ് സ്വീകരിക്കുന്ന മൂന്നാമത്തെ മോഡലാണ് എർട്ടിഗ. പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബൊലേനോ, ഗ്ലാൻസയായും, കോംപാക്ട് എസ്.യു.വി. മോഡലായ വിത്താര ബ്രെസ, അർബൺ ക്രൂയിസറായുമാണ് ടൊയോട്ട വിപണിയിൽ എത്തിച്ചത്. റൂമിയാന് പുറമെ, മാരുതിയുടെ പ്രീമിയം സെഡാൻ മോഡലായ സിയാസും ബെൽറ്റ എന്ന പേരിൽ ടൊയോട്ടയുടെ ബ്രാന്റിൽ എത്താനൊരുങ്ങുന്നുണ്ട്.മാരുതിയുടെ എർട്ടിഗയ്ക്ക് സമാനമായ ഡിസൈനിൽ തന്നെയാണ് റൂമിയനും ഒരുങ്ങിയിട്ടുള്ളത്. മുന്നിലെ ഗ്രില്ലിൽ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്. എർട്ടിഗയിൽ ക്രോമിയം സ്റ്റഡുകൾ പതിപ്പിച്ച ഗ്രില്ലായിരുന്നു എങ്കിൽ റൂമിയനിൽ അത് ടൊയോട്ടയുടെ ഇന്നോവയിൽ നൽകിയിരുന്നതിന് സമാനമായ ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്. ഹെഡ്ലൈറ്റ്, അലോയി വീൽ, ബംമ്പർ തുടങ്ങി മറ്റ് ഫീച്ചറുകളെല്ലാം എർട്ടിഗയിൽ നിന്ന് കടംകൊണ്ടവയാണെന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.എർട്ടിഗ പോലെ ഏഴ് സീറ്റർ എം.പി.വിയായാണ് റൂമിയന്റെ പിറവിയും. അകത്തളത്തിന്റെ അഴകും അളവുമെല്ലാം എർട്ടിഗയ്ക്ക് സമമാണ്. ബ്ലാക്ക് നിറത്തിലുള്ള ഡാഷ്ബോർഡിൽ വുഡൻ ഫിനീഷിങ്ങിലുള്ള പാനൽ നൽകിയാണ് അകത്തളത്തിന് ആഡംബര ഭാവം പകരുന്നത്. ഈ ഫിനീഷിങ്ങ് സ്റ്റിയറിങ്ങ് വീലിലേക്കും നീണ്ടിരിക്കുന്നു. ഏഴ് ഇഞ്ച് വലിപ്പമുള്ള സ്മാർട്ട്പ്ലേ 2.0 ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും ഇതിൽ ഒരുങ്ങിയേക്കും.മെക്കാനിക്കൽ ഫീച്ചറുകളും എർട്ടിഗയിലേത് തുടരുമെന്നാണ് ലഭിക്കുന്ന സൂചനകൾ. 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനിലാണ് എർട്ടിഗ നിരത്തുകളിൽ എത്തിയിട്ടുള്ളത്. റൂമിയനിലും ഈ എൻജിനായിരിക്കും കരുത്തേകുക. ഇത് 103 ബി.എ്ച്ച.പി. പവറും 138 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കും.

Related Articles

Back to top button