Auto
Trending

ലുക്കില്‍ ക്ലിക്കായി ഹോണ്ട അമേസ്

ഇന്ത്യയിലെ സെഡാൻ വാഹനങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമാണ് ഹോണ്ടയുടെ എൻട്രി ലെവൽ കോംപാക്ട് സെഡാൻ മോഡലായ അമേസ്. ലുക്കിലും ഫീച്ചറുകളിലും ശ്രദ്ധേയമായ ഈ വാഹനത്തിന്റെ പുതുതലമുറ പതിപ്പിന്റെ വിൽപ്പന പുത്തൻ ഉയരങ്ങൾ കീഴടക്കിയിരിക്കുകയാണ്. 2018-ൽ വിപണിയിൽ അവതരിപ്പിക്കുകയും പിന്നീട് ചെറിയ മുഖംമിനുക്കൽ നടത്തുകയും ചെയ്ത ഈ പതിപ്പ് മൂന്ന് വർഷത്തിൽ രണ്ട് ലക്ഷം യൂണിറ്റാണ് നിരത്തുകളിൽ എത്തിച്ചിരിക്കുന്നത്.ഹോണ്ട ഇന്ത്യയുടെ വാഹന നിരയിലെ ഏറ്റവും വിൽപ്പനയുള്ള മോഡലുമാണ് അമേസ്. 2013 ഏപ്രിലിലാണ് അമേസിന്റെ ആദ്യ തലമുറ മോഡൽ വിപണിയിലെത്തിയത്. 2018 മാർച്ച് വരെ ഈ മോഡലിന്റെ 2.6 ലക്ഷം യൂണിറ്റാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. തുടർന്ന് 2018 മേയ് മാസത്തിൽ രണ്ടാം തലമുറ അവതരിപ്പിക്കുകയും ഇതുവരെ രണ്ട് ലക്ഷം യൂണിറ്റ് വിറ്റഴിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഹോണ്ട ഇന്ത്യ നൽകുന്ന റിപ്പോർട്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് അമേസ് ഏറ്റവുമൊടുവിൽ മുഖംമിനുക്കിയത്. ഇതിലെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് മികച്ച വിൽപ്പന ലഭിച്ചിട്ടുള്ളത്.പെട്രോൾ-ഡീസൽ എൻജിനുകളിലെത്തിയ ഈ വാഹനത്തിന്റെ പെട്രോൾ മോഡലുകൾക്ക് 6.32 ലക്ഷം മുതൽ 9.05 ലക്ഷം രൂപ വരെയും ഡീസൽ മോഡലുകൾക്ക് 8.66 ലക്ഷം മുതൽ 11.15 ലക്ഷം രൂപ വരെയുമാണ് വില.ക്രോമിയം സ്ട്രിപ്പുകൾ നൽകി പുതുക്കി പണിത ഗ്രില്ല്, വീതി കുറഞ്ഞതും എൽ.ഇ.ഡിയിൽ തീർത്തിട്ടുള്ളതുമായ പ്രൊജക്ഷൻ ഹെഡ്ലാമ്പും ഡി.ആർ.എല്ലും, സിറ്റിയുമായി സാമ്യം പുലർത്തുന്ന ബമ്പർ, ക്ലാഡിങ്ങിന്റെ അകമ്പടിയിൽ നൽകിയിട്ടുള്ള എൽ.ഇ.ഡി. ഫോഗ്ലാമ്പ് എന്നിവയാണ് ഈ മുഖംമിനുക്കലിൽ വരുത്തിയിട്ടുള്ള പുതുമകൾ. കണക്ടിവിറ്റി സംവിധാനങ്ങൾ ഉൾപ്പെടെ നൽകിയിട്ടുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മോടിപിടിപ്പിക്കുന്നതിനുള്ള ആക്സെന്റുകളുമാണ് അകത്തളത്തിന് പുതുമ നൽകുന്നത്.1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിനുകളിലായിരിക്കും ഈ വാഹനം എത്തുക. പെട്രോൾ എൻജിൻ 90 പി.എസ്. പവറും 110 എൻ.എം.ടോർക്കും, ഡീസൽ എൻജിൻ 100 പി.എസ്. പവറും 200 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡീസൽ എൻജിൻ സി.വി.ടി ട്രാൻസ്മിഷൻ മോഡൽ 80 പി.എസ്. പവറും 160 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button