
ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ(എല്‍.ഐ.സി)യുടെ ഓഹരി വില റെക്കോഡ് തകര്‍ച്ചയില്‍. ദിനവ്യാപാരത്തിനിടെ ഓഹരി വില എക്കാലത്തെയും താഴ്ന്ന നിലവാരമായ 566.05 രൂപയിലെത്തി.ജനുവരി 30 മുതലുള്ള കണക്കു പ്രകാരം എല്‍ഐസിയുടെ അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപ മൂല്യത്തില്‍ 20,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്നാണ് ഓഹരി കനത്ത വില്പന സമ്മര്‍ദം നേരിട്ടത്.തുടര്‍ച്ചയായി ഏഴാമത്തെ ദിവസമാണ് ഓഹരി വില താഴുന്നത്. അദാനി ഗ്രൂപ്പിന്റെ എല്ലാ കമ്പനികളുടെ ഓഹരികളിലും എല്‍ഐസിക്ക് നിക്ഷേപമുണ്ട്. അദാനി പോര്‍ട്സ്, അദാനി എന്റര്‍പ്രൈസസ്, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ കമ്പനികളിലാണ് കൂടുതല്‍ നിക്ഷേപം. ജനുവരി 24നുശേഷം ഇതുവരെ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യത്തില്‍ 82ശതമാനംവരെ ഇടിവ് നേരിട്ടു. എൽഐസി ഓഹരികളുടെ ഇഷ്യുവിലയായ 949 രൂപയില്‍നിന്ന് 40ശതമാനത്തോളം നഷ്ടത്തിലാണ് ഓഹരിയില്‍ ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.