Big BUncategorized
Trending

രാജ്യം 10 ശതമാനത്തിനടുത്ത് വളരും: ധനമന്ത്രി

നടപ്പുസാമ്പത്തിക വർഷം ഇന്ത്യ പത്തുശതമാനത്തിനടുത്ത് വളർച്ച നേടുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. അടുത്ത വർഷം 7.5 ശതമാനത്തിനും 8.5 ശതമാനത്തിനും ഇടയിൽ വളർച്ചയാണ് പ്രതീക്ഷ. തുടർന്നുള്ള പത്തുവർഷക്കാലത്തേക്ക് ഇതു നിലനിർത്താനാകുമെന്നും കരുതുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ധനമന്ത്രാലയം പ്രത്യേകം കണക്കുകൂട്ടലുകൾ നടത്തിയിട്ടില്ല.ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി, വിവിധ റേറ്റിങ് ഏജൻസികൾ തുടങ്ങിയവയുടെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും ഹാവാഡ് കെന്നഡി സ്കൂളിൽ പ്രൊഫസർ ലോറൻസ് സമ്മേഴ്സുമായി നടത്തിയ സംഭാഷണത്തിൽ അവർ പറഞ്ഞു.പ്രധാന വ്യവസായമേഖലകളിൽ അത്രയ്ക്ക് വികസനപ്രവർത്തനങ്ങളാണ് നടക്കുന്നത്. സേവനമേഖലയും വലിയരീതിയിൽ മുന്നേറുന്നുവെന്നും മന്ത്രി അവകാശപ്പെട്ടു.ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ നടപ്പുസാമ്പത്തിക വർഷം ഇന്ത്യ ഇരട്ട അക്കത്തിനടുത്ത് വളർച്ച നേടുമെന്നാണ് പറയുന്നത്. ഈ വർഷം ലോകത്തിൽ ഏറ്റവും ഉയർന്ന വളർച്ചനേടുന്ന രാജ്യമായിരിക്കും ഇന്ത്യയെന്നും ഇതിൽ സൂചിപ്പിക്കുന്നുണ്ട്. പത്തുവർഷത്തേക്കെങ്കിലും ഈ വളർച്ച നിലനിർത്താൻ രാജ്യത്തിനാകും.ഇന്ത്യ വളരെ വലിയൊരു വിപണിയാണ്. ഇടത്തരക്കാരായ ആളുകൾക്ക് ഏത് ഉത്പന്നവും വാങ്ങാനുള്ള പണവും ശേഷിയും ഇവിടെയുണ്ട്. മറ്റുപ്രദേശങ്ങളിൽനിന്നുള്ളവരും ഇപ്പോൾ നിക്ഷേപവുമായി ഇന്ത്യയിൽ ഉത്പാദനത്തിനുവരുന്നു. തൊഴിൽനൈപുണ്യമുള്ള വൈവിധ്യമാർന്ന ചെറുപ്പക്കാരും ഇന്ത്യയുടെ സമ്പത്താണ്. കാർഷികമേഖലയിലും രാജ്യം ഏറെ കരുത്തുനേടിയിട്ടുണ്ട്. മധ്യേഷ്യയിലെ രാജ്യങ്ങൾ ഭക്ഷ്യവസ്തുക്കൾക്ക് ഇന്ത്യയെ ആണ് ആശ്രയിക്കുന്നത്. ഇക്കാരണങ്ങൾകൊണ്ടുതന്നെ ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന വളർച്ച നിലനിർത്താൻ ഇന്ത്യക്കു കഴിയുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

Related Articles

Back to top button