
അതിർത്തിയിൽ സംഘർഷം തുടരുകയാണെങ്കിലും ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരത്തെ ഇതൊട്ടും ബാധിച്ചിട്ടില്ലെന്നു ചൈനീസ് കസ്റ്റംസിന്റെ കണക്കുകൾ. 2022ൽ ഇന്ത്യ– ചൈന വ്യാപാരം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. 13598 കോടി ഡോളർ (10ലക്ഷം കോടിയിലേറെ രൂപ) ആയിരുന്നു ഇത്.അതേ സമയം ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര അന്തരം ചരിത്രത്തിലാദ്യമായി 10000 കോടി ഡോളർ (എട്ടു ലക്ഷം കോടി രൂപ) കടക്കുകയും ചെയ്തു. 2021ൽ 12500 കോടി ഡോളറിന്റെ പരസ്പര വ്യാപാരമാണ് 8.4% വർധനയോടെ റെക്കോർഡിൽ എത്തിയത്. ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി 21.7% വർധനയോടെ 11850 കോടി ഡോളറിന്റേതാണ്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയാകട്ടെ 1748 കോടി ഡോളറിനു മാത്രമാണ്. ഇടിവ് 37.9%. കയറ്റിറക്കുമതി അന്തരം 10102 കോടി ഡോളറും. 2021ൽ ഇത് 6938 കോടി ഡോളറായിരുന്നു.