
ഗാലക്‌സി എ സീരീസിലേക്ക് രണ്ട് പുതിയ ഫോണുകള്‍ കൂടി അവതരിപ്പിച്ച് സാംസങ്. ഗാലക്‌സി എ23, ഗാലക്‌സി എ14 എന്നിവയാണ് പുറത്തിറക്കിയത്. രണ്ട് ഫോണുകളും സാംസങിന്റെ വെബ്‌സൈറ്റിലും കമ്പനിയുടെ സ്റ്റോറുകളിലും മറ്റ് സ്‌റ്റോറുകളിലും ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും വില്‍പനയ്‌ക്കെത്തും. ജനുവരി 20 മുതലാണ് വില്‍പന ആരംഭിക്കുക. ജനുവരി 18 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ സാംസങ് വെബ്‌സൈറ്റില്‍ നടക്കുന്ന ലൈവ് കൊമേഴ്‌സിലൂടേയും ഫോണുകള്‍ വാങ്ങാം.
ഗാലക്‌സി എ23
മിഡ്‌റേഞ്ച് ചിപ്പ് സെറ്റായ സ്‌നാപ് ഡ്രാഗണ്‍ 695 ആണ് ഗാലക്‌സി എ23 യ്ക്ക് ശക്തിപകരുന്നത്. 6.6 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയ്ക്ക് ഫുള്‍എച്ച്ഡി പ്ലസ് റസലൂഷനുണ്ട്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. കോണിങ് ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണവും ഫോണിനുണ്ട്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 4.1 ആണിതില്‍. 3.5 വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകള്‍ ഫോണില്‍ ലഭിക്കും. എട്ട് ജിബി വരെ റാമും 128 ജിബി വരെ ഇന്റേണല്‍ സ്‌റ്റോറേജും ലഭിക്കും. ക്വാഡ് ക്യാമറ സംവിധാനമാണിതില്‍. 50 എംപി പ്രൈമറി ക്യാമറയില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സംവിധാനമുണ്ട്. അഞ്ച് എംപി അള്‍ട്രാവൈഡ് ക്യാമറ, രണ്ട് എംപി മാക്രോ, ഡെപ്ത് സെന്‍സറുകള്‍ എന്നിവയാണ് മറ്റുള്ളവ. 5000 എംഎഎച്ച് ബാറ്ററിയാണ് ഇതിനും. 25 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം ഗാലക്‌സി എ23 യിലുണ്ട്. ഇതിന്റെ 6 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന് 22,999 രൂപയാണ് വില. 8 ജിബി + 128 ജിബി പതിപ്പിന് 24,999 രൂപയാണ് വില. സില്‍വര്‍, നീല, ഓറഞ്ച് നിറങ്ങളിലാണ് ഈ ഫോണ്‍ വിപണിയിലെത്തുക.
ഗാലക്‌സി എ14
സാംസങിന്റെ തന്നെ എക്‌സിനോസ് 1330 പ്രൊസസര്‍ ചിപ്പ് സെറ്റ് ആണ് ഗാലക്‌സി എ14 സ്മാര്‍ട്‌ഫോണിന് ശക്തിപകരുന്നത്. 6.6 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണിതിന്. ആന്‍ഡ്രോയിഡ് 13 അധിഷ്ഠിതമായുള്ള വണ്‍ യുഐ കോര്‍ 5 ആണിതില്‍. എട്ട് ജിബി വരെ റാമും 128 ജിബി വരെ ഇന്റേണല്‍ സ്‌റ്റോറേജും ലഭിക്കും. ട്രിപ്പിള്‍ ക്യാമറയാണിതിന്. ഇതില്‍ 50 എംപി പ്രൈമറി ക്യാമറയായി വരുന്നു. രണ്ട് മെഗാപിക്‌സലിന്റെ മാക്രോ ക്യാമറയും രണ്ട് മെഗാപിക്‌സലിന്റെ ഡെപ്ത് ക്യാമറയുമാണ് മറ്റുള്ളവ. 5000 എംഎഎച്ച് ബാറ്ററിയില്‍ 15 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. ചുവപ്പ്, പച്ച, കറുപ്പ് നിറങ്ങളിലാണ് ഫോണുകള്‍ വിപണിയിലെത്തുന്നത്. ഗാലക്‌സി എ14 5ജിയുടെ നാല് ജിബി റാം + 64 ജിബി സ്‌റ്റോറേജ് വേരിയന്റിന് 16499 രൂപയാണ് വില. 6 ജിബി + 128 ജിബി വേരിയന്റിന് 18999 രൂപയും 8 ജിബി + 128 ജിബി വേരിയന്റിന് 20,999 രൂപയുമാണ് വില.