
ആദായ നികുതി റിട്ടേണില്‍ വരുമാനം കുറച്ചുകാണിച്ചവരെ ആദായ നികുതി വകുപ്പ് പിടികൂടുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തെ റിട്ടേണുകളാണ് ഐടി വകുപ്പ് സൂക്ഷ്മ പരിശോധന നടത്തുന്നത്. ഇതിനകം 68,000 റിട്ടേണുകളിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്. 35,000 പേര് ഇതിനകം മറുപടി നല്‍കുകയോ പുതുക്കിയ റിട്ടേണ്‍ നല്‍കുകയോ ചെയ്തതായി പ്രത്യക്ഷ നികുതി ബോര്‍ഡ് മേധാവി നിതന്‍ ഗുപ്ത പറഞ്ഞു. ഫയല്‍ ചെയ്ത റിട്ടേണുകളും വാര്‍ഷിക വിവര പ്രസ്താവന(എ.ഐ.എസ്)യിലെ വിവരങ്ങളും താരതമ്യം ചെയ്താണ് തെറ്റുകള്‍ കണ്ടെത്തുന്നത്. എ.ഐ.എസില്‍ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതാണെങ്കില് അതിന് മറുപടി നല്‍കാം. അല്ലെങ്കില്‍ പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടിവരും. അതേസമയം, 33,000ത്തോളം പേര് ഇനിയും മറുപടി നല്‍കാനുണ്ട്. 2019-20 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ 2023 മാര്‍ച്ച് 31വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.