
350 സി.സിയില്‍ ഹോണ്ട എത്തിച്ച മോഡലുകളാണ് ഹൈനസ് സി.ബി.350, സി.ബി.350 ആര്.എസ് എന്നിവ. രണ്ട് വിഭാഗങ്ങളിലായി എത്തിയിട്ടുള്ള ഈ ബൈക്കുകളുടെ 2023 പതിപ്പ് വിപണിയില്‍ എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഹോണ്ട. ഡി.എല്‍.എക്സ്, ഡി.എല്‍.എക്സ് പ്രോ, ഡി.എല്‍.എക്സ് പ്രോ ക്രോം എന്നീ മൂന്ന് വേരിയന്റുകളിലാണ് ഹൈനസ് സി.ബി.350 എത്തിയിരിക്കുന്നത്. അതേസമയം, ഡി.എല്‍.എക്സ്, ഡി.എല്‍.എക്സ് പ്രോ, ഡി.എല്‍.എക്സ് പ്രോ ഡ്യുവല്‍ ടോണ്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ സി.ബി.350 ആര്.എസ് മോഡലും മുഖംമിനുക്കി എത്തുന്നുണ്ട്. സി.ബി.350 മോഡലുകള്‍ക്ക് 2.09 ലക്ഷം രൂപ മുതലും സി.ബി.350 ആര്.എസ്. മോഡലുകള്‍ക്ക് 2.14 ലക്ഷം രൂപ മുതലുമാണ് എക്സ്ഷോറൂം വില. രാജ്യത്തുടനീളം ഹോണ്ട ആരംഭിച്ചിട്ടുള്ള ബിഗ് വിങ്ങ് എന്ന പ്രീമിയം ബൈക്ക് ഡീലര്‍ഷിപ്പുകളിലൂടെ ഈ മാസം അവസാനത്തോടെ ഈ ബൈക്കുകള്‍ വിതരണം ആരംഭിക്കുമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്.
ഡിസൈനില്‍ കാര്യമായ അഴിച്ചുപണികള്‍ നടത്താതെയാണ് 2023 ഹൈനസ് മോഡലുകള്‍ എത്തിയിരിക്കുന്നത്. ലാര്‍ജ് സെക്ഷന്‍ മുന്‍ സസ്പെന്‍ഷനും പ്രഷറൈസ്ഡ് നൈട്രജന്‍ ചാര്‍ജ്ഡ് പിന് സസ്പെന്‍ഷനുമാണ് ഈ രണ്ട് മോഡലുകളില്‍ നല്‍കിയിട്ടുള്ളത്. എന്ജിന് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, ഹസാഡസ് സ്വിച്ച് എന്നിവ നല്‍കിയിട്ടുണ്ട്. റൈഡിങ്ങും ഫ്യുവല്‍ ഇഞ്ചക്ഷനും മനസിലാക്കാന്‍ ഇക്കോ ഇന്‍ഡിക്കേറ്റര്‍ നല്കിയിട്ടുള്ളതും ഈ വരവിലെ ഹൈനസ് മോഡലുകളുടെ സവിശേഷതയാണ്. 350 സി.സി. എയര്‍ കൂള്‍ഡ് ഫോര്‍ സ്ട്രോക്ക് ഒ.എച്ച.സി. സിംഗിള്‍ സിലിണ്ടര്‍ ഒ.ബി.ഡി.2ബി മാനദണ്ഡം പാലിക്കുന്ന പി.ജി.എം-എഫ്.ഐ. സാങ്കേതികവിദ്യയുമുള്ള എന്‍ജിനാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഇത് 20.78 ബി.എച്ച്.പി. പവറും 30 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.