
വിപണികളിൽ മേധാവിത്വം ഉറപ്പാക്കാൻ ആൻഡ്രോയിഡ് അധിഷ്ഠിത മൊബൈൽഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തി 1337.76 കോടി രൂപ പിഴയിട്ട മത്സര കമ്മിഷൻ നടപടിക്കെതിരെ അപ്പീലുമായി ഗൂഗിൾ. ദേശീയക്കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണലിലാണ് (എൻ.സി.എൽ.എ.ടി.) കമ്പനി അപ്പീൽ സമർപ്പിച്ചത്. ആൻഡ്രോയ്‌ഡ് ഫോണുകൾ നിർമിക്കുമ്പോൾ ‘ഗൂഗിൾ സെർച്ച്’ ഡീഫോൾട്ടായി നൽകാൻ മൊബൈൽഫോൺ നിർമാണക്കമ്പനികളെ പ്രേരിപ്പിച്ചെന്ന പരാതിയിൽ 2019- ൽ തുടങ്ങിയ അന്വേഷണത്തിലാണ് ഒക്ടോബറിൽ ഗൂഗിളിന് പിഴചുമത്തിയത്.നടപടി ആൻഡ്രോയിഡിന്റെ സുരക്ഷാഫീച്ചറുകളിൽ വിശ്വസിക്കുന്ന ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും വലിയ തിരിച്ചടിയാണെന്ന് കമ്പനി പറഞ്ഞു. മൊബൈൽ ഫോണുകളുടെ ചെലവുയരാനും ഇതു കാരണമാകും. ഇന്ത്യയിലെ ഉപഭോക്താക്കൾക്കും ഡെവലപ്പർമാർക്കും സെൽഫോൺ നിർമാതാക്കൾക്കും ആൻഡ്രോയിഡ് പലതരത്തിൽ വലിയരീതിയിൽ പ്രയോജനം ചെയ്യുന്നുണ്ട്. ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള മാറ്റങ്ങൾക്ക് ഇതു വേഗംകൂട്ടുന്നതായും കമ്പനി അവകാശപ്പെടുന്നു.