Big B
Trending

ഗോൾഡ് എക്സ്ചേഞ്ചിനു രൂപരേഖ എത്തി

ഓഹരിയുടെ രൂപത്തിൽ സ്വർണം വിൽക്കാനും വാങ്ങാനും അവസരം നൽകുന്ന ‘ഗോൾഡ് എക്സ്ചേഞ്ച്’ ആരംഭിക്കാൻ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി മാർഗനിർദേശം പുറപ്പെടുവിച്ചു. ഇലക്ട്രോണിക് ഗോൾഡ് റസീറ്റ് (ഇജിആർ) രൂപത്തിലാകും സ്വർണ വ്യാപാരമെന്നും സുതാര്യമായ സ്പോട്ട് വില നിർണയത്തിന് എക്സ്ചേ‍ഞ്ച് സഹായിക്കുമെന്നും സെബി അറിയിച്ചു. ഇജിആറിന് അടിസ്ഥാനമായി യഥാർഥ സ്വർണം സൂക്ഷിക്കാൻ പ്രത്യേക സംവിധാനമുണ്ടാകും. ഇജിആർ ഉടമകൾക്ക് അതു കൈമാറി സ്വർണം കൈപ്പറ്റാനാകും. സ്വർണം കൈകാര്യം ചെയ്യാനുള്ള വോൾട്ട് മാനേജർ സംവിധാനം 50 കോടി രൂപയെങ്കിലും ആസ്തിയുള്ളവർക്ക് ആരംഭിക്കാനാകും. സെബിയുടെ റജിസ്ട്രേഷൻ നിർബന്ധമാണ്. ഇവരാണ് സ്വർണത്തിന് ആനുപാതികമായി ഇലക്ട്രോണിക് രേഖ (ഇജിആർ) തയാറാക്കേണ്ടതും അവയും സ്വർണവും തമ്മിലുള്ള മാറ്റം നടത്തേണ്ടതുമൊക്കെ. പുതിയ ഗോൾഡ് എക്സ്ചേഞ്ചുകൾ ആരംഭിക്കുകയോ നിലവിലുള്ള സ്റ്റോക് എക്സ്ചേഞ്ചുകൾക്ക് ഇതിനായി പ്രത്യേക വിഭാഗം ആരംഭിക്കുകയോ ചെയ്യാം.ഇജിആറിന്റെ ക്രയവിക്രയം നിലവിലെ ഓഹരിവിപണിയിലെ ഇടപാടുകളുടെ രീതിയിലാണു നടക്കുക. 1 ഗ്രാം, 5 ഗ്രാം, 10 ഗ്രാം എന്നിങ്ങനെ വിവിധ മൂല്യങ്ങളിലുള്ള ഇജിആർ പുറപ്പെടുവിക്കാനാകും. സ്വർണത്തിന്റെ കൈകാര്യത്തിന് എക്സ്ചേഞ്ചുകൾ ചെറിയ ഫീസ് ഈടാക്കാൻ സാധ്യതയുണ്ട്. അതു വിശദീകരിച്ചിട്ടില്ല. രാജ്യം മുഴുവൻ ഒറ്റ സ്വർണവില നടപ്പാകാനും സ്വർണത്തിന്റെ പരിശുദ്ധിയും ഇടപാടുകളിലെ സുതാര്യതയും ഉറപ്പാക്കാനും പുതിയ സംവിധാനം സഹായിക്കുമെന്ന് ഓഹരി, സ്വർണ മേഖലകളിലെ വിദഗ്ധർ പറഞ്ഞു. എന്നാൽ, ഇജിആർ എത്ര വേഗം സ്വർണമായോ പണമായോ മാറ്റാനാകും എന്നതനുസരിച്ചാകും പുതിയ സംവിധാനത്തിന്റെ വിജയമെന്നും വിദഗ്ധർ പറയുന്നു.

Related Articles

Back to top button