
ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. ഇത്തരത്തിൽ ആകെ 30.1 മില്യൺ ആപ്പുകൾ ഇന്ത്യയിൽ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്.ആഗോളതലത്തിൽ 2015 ആഗസ്റ്റ് മുതൽ 2022 സെപ്തംബർ വരെയുള്ള കണക്കുകളാണിത്.ബാങ്ക് ഓഫ് ഇന്റർനാഷണൽ എക്സ്ചേഞ്ചിന്റെ (ബിഐഎസ്) റിലീസ് ചെയ്ത വർക്കിങ് പേപ്പറിലാണ് ഇത് വ്യക്തമാക്കുന്നത്.ഏറ്റവും ഉയർന്ന തോതിലുള്ള ഡൗൺലോഡ് നടന്നിരിക്കുന്നത് യുഎസിലാണ്. 126.9 മില്യൺ ഡൗൺലോഡുകളാണ് ഉണ്ടായത്. 44.2 മില്യൺ ഡൗൺലോഡുകൾ നടന്ന തുർക്കിയാണ് രണ്ടാം സ്ഥാനത്ത്.ബിറ്റ് കോയിന്റെ വില 20,000 ഡോളറിന് മുകളിൽ പോയപ്പോഴാണ് ഭൂരിഭാഗം ഡൗൺലോഡുകളും നടന്നതെന്ന് ബിഐഎസ് ഡാറ്റ വ്യക്തമാക്കുന്നു. ഇത്തരത്തിൽ വില വർധിച്ചതിനു ശേഷം മാസങ്ങളോളം ആക്ടീവ് യൂസേഴ്സിന്റെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു
.ക്രിപ്റ്റോ വിപണിയെ ആകാംക്ഷയോടെ നോക്കിക്കാണുന്ന നിരവധി ആളുകൾ ഇന്ത്യയിലുണ്ട്. എന്നാൽ അവരിൽ ഭൂരിപക്ഷത്തിനും ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാൻ സാധിക്കുന്നില്ല. വിപണിയെ മനസ്സിലാക്കാൻ സാധിക്കാത്തതിനാലാണ് ഇത്. വിപണിയിലെ അനിശ്ചിതാവസ്ഥയും, ചാഞ്ചാട്ടവും ഇത്തരം ആളുകളെ ഭയപ്പെടുത്തുന്നു.നിലവിലെ വിപണി സാഹചര്യങ്ങളിൽ രാജ്യത്ത് കർശനമായ നിയന്ത്രണങ്ങളാണുള്ളത്. അതിനാൽത്തന്നെ ക്രിപ്റ്റോ വിപണിയോടുള്ള താല്പര്യത്തിൽ കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.