
ലോകമെമ്പാടും വിദഗ്ധരെയും സാധാരണക്കാരെയും ഒരുപോലെ അദ്ഭുതപ്പെടുത്തി മുന്നേറുന്ന എഐ സേര്‍ച് സംവിധാനമായ ചാറ്റ്ജിപിടി ഇന്ത്യയിലെ പ്രധാന മത്സര പരീക്ഷകളിലൊന്നായ ഐഎഎസില്‍ ചാറ്റ്ജിപിടി പരാജയപ്പെട്ടു എന്ന് അനലിറ്റിക്സ് ഇന്ത്യാ മാഗസിന് റിപ്പോര്‍ട്ട് ചെയ്യുന്നു. ജിയോഗ്രഫി, സമ്പദ്വ്യവസ്ഥ, ചരിത്രം, പരിസ്ഥിതി വിജ്ഞാനീയം, ജനറല്‍ സയൻസ്, വര്‍ത്തമാനകാല സാമൂഹിക രാഷ്ട്രീയ സംഭവങ്ങള്‍ തുടങ്ങിയവ ആയിരുന്നു തങ്ങള്‍ ചാറ്റ്ജിപിടിക്ക് ഇട്ട പരീക്ഷയിലെ വിഷയങ്ങള്‍ എന്ന് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി പറയുന്നു.തങ്ങള്‍ 2022ലെ യുപിഎസ്സി പരീക്ഷയിലെ ചോദ്യ പേപ്പര്‍ 1ല്‍ (സെറ്റ് എ) മൊത്തമുളള 100 ചോദ്യങ്ങളാണ് ചോദിച്ചതെന്നും, അതിന്റെ ഉത്തരങ്ങളെല്ലാം ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്നും, എന്നിട്ടും 54 ചോദ്യങ്ങള്‍ക്കു മാത്രമാണ് ഉത്തരം നല്കാന് ചാറ്റ്ജിപിടി ക്കു സാധിച്ചതെന്നും അനലിറ്റിക്സ് ഇന്ത്യാ മാഗസിന് പറയുന്നു. യുപിഎസ്സി പ്രിലിമിനറി പരീക്ഷ പാസാകാന്‍ സാധിക്കുമോ എന്ന് ചാറ്റ്ജിപിടിയോട് ഗവേഷകര്‍ ചോദിച്ചു. ഒരു എഐ ഭാഷാ മോഡലെന്ന നിലയില്‍ തനിക്ക് ധാരാളം അറിവും വിവരങ്ങളും ഉണ്ടെന്നും അതില്‍ യുപിഎസ്സി പരീക്ഷാ സംബന്ധമായുള്ള അറിവുകളും ഉണ്ടെന്നും ചാറ്റ്ജിപിടി മറുപടി നല്കി. എന്നാല്‍, യുപിഎസ്സി പരീക്ഷ പാസാകാന്‍ അറിവു മാത്രം പോരാ, അതിന് ചിന്താശേഷിയും അതു പ്രയോഗിക്കാനും സമയബന്ധിതമായി പരീക്ഷ എഴുതിത്തീര്‍ക്കാനുമുള്ള കഴിവും വേണം, അതിനാല്‍ തനിക്ക് യുപിഎസ്സി പരീക്ഷ ജയിക്കാനാകുമോ എന്ന കാര്യം തറപ്പിച്ചു പറയാനാവില്ലെന്നാണ് ചാറ്റ്ജിപിടി പറഞ്ഞത്. എന്നാലും, യുപിഎസ്സി പരീക്ഷ സംബന്ധിച്ചുളള പ്രസക്തമായ പല വിവരങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാനുമുള്ള കഴിവ് തനിക്കുണ്ടെന്നും എഐ പറയുന്നു.അതേസമയം, യുപിഎസ്സി പരീക്ഷയല്ല ചാറ്റ്ജിപിടി ആദ്യമായി തോല്‍ക്കുന്ന ഇന്ത്യന്‍ പരീക്ഷ എന്നും റിപ്പോര്‍ട്ടുണ്ട്.