
മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി പുതുക്കല്‍ ആവശ്യമായതിനാല്‍ ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ വിലയില്‍ കാര്യമായ വര്‍ധനവുണ്ടായേക്കും. യൂറോ 6നു തുല്യമായ ബിഎസ് 6-ന്റെ രണ്ടാം ഘട്ടം കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതിനായി വാഹനങ്ങളില്‍ പ്രത്യേക ഉപകരണങ്ങള്‍ ഘടിപ്പിക്കേണ്ടതുള്ളതിനാലാണ് അധിക ബാധ്യത ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നത്.കാറുകള്‍ ഉള്‍പ്പടെയുള്ള യാത്രാ-വാണിജ്യ വാഹനങ്ങളുടെ വിലയിലാണ് വര്‍ധനവുണ്ടാകുക.തത്സമയം മലിനീകരണ തോത് നിരീക്ഷിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കേണ്ടിവരിക. കാറ്റലിറ്റിക് കണ്‍വര്‍ട്ടര്‍, ഓക്സിജന്‍ സെന്‍സര്‍ തുടങ്ങിയവാണ് വാഹനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്.നിശ്ചിത തോതില്‍ കൂടുതല്‍ മലിനീകരണമുണ്ടായാല്‍ വാഹനം സര്‍വീസ് ചെയ്യാനുള്ള നിര്‍ദേശം ലൈറ്റുകളിലൂടെ നല്‍കുകയാണ് ചെയ്യുക. ഇന്ധനം കത്തുന്നതിന്റെ അളവ് നിയന്ത്രിക്കുന്നതിന് കംപ്യൂട്ടര്‍ പ്രോഗാം ചെയ്ത ഫ്യുവല്‍ ഇന്‍ജക്ടറുകളും ഉള്‍പ്പെടുത്തേണ്ടിവരും.